വാട്ട്സാപ്പിലൂടെ എൽ.ഐ.സി പ്രീമിയം അടയ്ക്കാൻ സംവിധാനം
കൊച്ചി: വാട്ട്‌സാപ്പ് ബോട്ടിലൂടെ പ്രീമിയം അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനം ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി) ആരംഭിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത, ഡിജിറ്റൽ സംരംഭങ്ങൾ അവതരിപ്പിക്കുന്നതിന്റെ തുടർച്ചയായാണ് പുതിയ സംവിധാനം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർമാരായ എം. ജഗന്നാഥ്, തബലേഷ് പാണ്ഡെ, സത്പാൽ ഭാനു, ആർ. ദൊരൈസ്വാമി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സി.ഇ.ഒയും എം.ഡിയുമായ സിദ്ധാർത്ഥ മൊഹന്തി പുതിയ സംവിധാനം വിപണിയിൽ അവതരിപ്പിച്ചു. രജിസ്റ്റർ ചെയ്ത കസ്റ്റമർ പോർട്ടൽ ഉപയോക്താക്കൾക്ക് 8976862090 എന്ന വാട്ട്‌സാപ്പ് നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് അടയ്‌ക്കേണ്ട പോളിസികൾ കണ്ടെത്താനും യു.പി.ഐ/നെറ്റ് ബാങ്കിംഗ്/കാർഡുകൾ വഴി പേയ്‌മെന്റ് നടത്താനുമാകും. പോളിസികൾ കണ്ടെത്തുന്നതു മുതൽ പേയ്‌മെന്റും രസീത് ജനറേഷനും വരെ ഇതിൽ ലഭിക്കും. എൽ.ഐ.സിയുടെ ഉപഭോക്താക്കൾക്ക് വാട്ട്‌സാപ്പിലൂടെ എവിടെനിന്നും എപ്പോൾ വേണമെങ്കിലും പ്രീമിയം അടയ്ക്കുന്നതിനുള്ള ഒരു എളുപ്പ മാർഗ്ഗമാണിതെന്ന് സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.