മണപ്പുറം ഫിനാൻസിന് 10,041 കോടി രൂപയുടെ വരുമാനം
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാൻസിന്റെ പ്രവർത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13.5 ശതമാനം ഉയർന്ന് 10,040.76 കോടി രൂപയായി. നികുതി കഴിഞ്ഞുള്ള ലാഭം മുൻ വർഷത്തേക്കാൾ 7.6 ശതമാനം വർദ്ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം മണപ്പുറം ഫിനാൻസ് പ്രഖ്യാപിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ അറ്റാദായം 414.3 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 3.3 ശതമാനം കുറവാണിത്.
പ്രവർത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 13.5 ശതമാനം വളർന്ന് 10,041 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ മാർച്ച് പാദത്തിൽ 43,033.75 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി തന്ത്രപരമായ മാറ്റങ്ങൾ വരുത്തിയാണ് മികച്ച പ്രകടനം നേടിയതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.