നക്ഷത്രത്തിളക്കത്തോടെ ധനലക്ഷ്മി ബാങ്ക്

Sunday 11 May 2025 1:34 AM IST

അറ്റാദായം 775.5 ശതമാനം ഉയർന്ന് 29.98 കോടി രൂപയായി

തൃശൂർ: സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് മികച്ച പ്രകടനവുമായി ലാഭത്തിൽ റെക്കാഡ് മുന്നേറ്റം കാഴ്ചവച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ബാങ്കിന്റെ അറ്റാദായം 775.5 ശതമാനം ഉയർന്ന് 29.98 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 3.31 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ പ്രവർത്തന വരുമാനം 14.5 ശതമാനം ഉയർന്ന് 350.62 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാങ്കിന്റെ ലാഭം 15.25 ശതമാനം ഉയർന്ന് 66.64 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഉയർന്ന അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവർത്തനലാഭം 95.10 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 14.31 ശതമാനം വളർന്ന് 28,219 കോടിയായി.

നിക്ഷേപത്തിലും വായ്പയിലും മികച്ച വളർച്ച

ആകെ നിക്ഷേപം 14,290 കോടിയിൽ നിന്നും 16,013 കോടിയായി. മൊത്തം വായ്പ 17.40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 12,206 കോടിയായി. സ്വർണ്ണ പണയ വായ്പയിൽ 33.81 ശതമാനം വാർഷിക വളർച്ചയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ മൊത്തം വായ്പയുടെ 4.05 ശതമാനത്തിൽ നിന്ന് 2.98 ശതമാനമായി കുറയ്ക്കാനായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.99 ശതമാനമാണ്.

വരുമാന വളർച്ച

പലിശ വരുമാനം 1206.99 കോടി രൂപ (വളർച്ച 9.35 ശതമാനം) പലിശയിതര വരുമാനം 152.56 കോടി (വളർച്ച 10.91ശതമാനം) മൊത്തം വരുമാനം 1359.55 കോടി ( വളർച്ച 9.53 ശതമാനം)

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മികച്ച വളർച്ച നേടാൻ ധനലക്ഷ്‌മി ബാങ്കിന് കഴിഞ്ഞു

കെ.കെ.അജിത് കുമാർ

മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ