ടാൽറോപിന്റെ വില്ലേജ് പാർക്ക് കണ്ണൂർ മുണ്ടേരിയിൽ
കണ്ണൂർ: സിലിക്കൺ വാലി മാതൃകയിൽ ടാൽറോപ് കേരളത്തിൽ വികസിപ്പിക്കുന്ന വില്ലേജ് പാർക്ക് കണ്ണൂരിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ കുതിപ്പിന് വില്ലേജ് പാർക്ക് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ മിനി ഐ.ടി പാർക്കുകൾക്ക് സമാനമായ 1064 വില്ലേജ് പാർക്കുകളാണ് സജ്ജമാക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ചെറുകിട സംരംഭങ്ങൾക്ക് ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിനുള്ള അവസരങ്ങൾ വില്ലേജ് പാർക്കുകളിലൂടെ ലഭ്യമാവും. സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', വനിതാശാക്തീകരണ പദ്ധതി 'പിങ്ക് കോഡേഴ്‌സ്' തുടങ്ങിയവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മുണ്ടേരി പദ്ധതിയുടെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർമാരായ എം. ഷംസുദ്ദീൻ, ഇസ്മായിൽ കരിയിൽ, ഷമീർ എസ്.എം എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ. എ, ടാൽറോപ് ബോർഡ് ഡയറക്ടർ ആൻഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അജീഷ് സതീശൻ, ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ഫൈസൽ ടി പി, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ ജീജു ശ്രീജിത്ത്, ടാൽറോപ് വുമൺ എംപവർമെന്റ് ഇനീഷ്യേറ്റീവ് ദി ഫെമ്മെ അംഗം സഹദിയ. കെ തുടങ്ങിയവർ പങ്കെടുത്തു.