65ലും '71ലും പാകിസ്ഥാനെതിരെ പോരാടിയ പട്ടാളം ഷംസുദീൻ പ്രവചിച്ചു; വെടിനിറുത്തൽ ഉടനുണ്ടാവും

Sunday 11 May 2025 12:33 AM IST

കൊച്ചി: ''ഇന്ത്യയുടെ വിജയാഘോഷം ഉടനെയുണ്ടാകും.""- ഇന്നലെ രാവിലെതന്നെ പട്ടാളം ഷംസുദീൻ കേരളകൗമുദിയോട് പറഞ്ഞു. ''വെടിനിറുത്തൽ പ്രഖ്യാപിച്ചില്ലെങ്കിൽ 1971ൽ തന്നെ പാകിസ്ഥാൻ തീരേണ്ടതായിരുന്നു..."" 1965ലും '71ലും പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത ഷംസുദീൻ പറഞ്ഞു. തൊടുപുഴ ഫൗസിയ മൻസിലിൽ ഇ. ഷംസുദീന് വയസ്സ് 83 ആയെങ്കിലും ഓർമ്മകൾക്കും ആത്മവീര്യത്തിന് മങ്ങലില്ല.

1971ൽ നടന്ന 'ബാറ്റിൽ ഒഫ് ബസന്തറി"ൽ മുന്നിട്ടുനിന്ന 9- എൻജിനിയർ റെജിമെന്റിലെ ശിപായിയും ഡ്രൈവറുമായിരുന്നു ഷംസുദീൻ. പൂഞ്ചിൽ അതിർത്തികടന്ന് മുന്നേറാൻ പാറ്റൺ ടാങ്കുകൾക്കും ടാങ്ക്‌വേധ വാഹനങ്ങൾക്കും പാതയൊരുക്കുക എന്നതായിരുന്നു എൻജിനിയർ റെജിമെന്റിന്റെ ദൗത്യം. കുഴിബോംബുകൾ വിതച്ച പാകിസ്ഥാന്റെ മൈൻ പാടങ്ങളായിരുന്നു റിസ്ക്.

ഡിസംബർ മൂന്നിനാണ് യുദ്ധം ആരംഭിച്ചത്. മേജർ വിജയ്‌‌രത്തൻ ചൗധരിയുടെ നേതൃത്വത്തിൽ ജീവൻ വകവയ്ക്കാതെ മുന്നേറ്റനിരയ്ക്ക് പാതയൊരുക്കി. 10ദിവസത്തിനകം ബസന്തർ നദീതടത്തിലെത്തി. 17-ാം തീയതി സംഘം ബങ്കറിന് വെളിയിൽ വന്നപ്പോൾ ഷെല്ലാക്രമണമുണ്ടായി. മേജർ ചൗധരി, ക്യാപ്ടൻ രവീന്ദർനാഥ് ഗുപ്ത, മേജർ എസ്.എസ്. മല്ലിക് എന്നിവർ ചിതറിത്തെറിച്ചു, പാലക്കാട്ടുകാരനായ സുബേദാർ കരുണാകരനടക്കം അഞ്ചോളം സൈനികരും. സാരഥികളെ നഷ്ടപ്പെട്ടെങ്കിലും സംഘം മുന്നേറ്റം തുടർന്നു. അതിനിടെ പാകിസ്ഥാൻ കീഴടങ്ങാൻ സന്നദ്ധതയറിയിച്ചു. മണിക്കൂറുകൾക്കകം ഇന്ത്യ വെടിനിറുത്തൽ പ്രഖ്യാപിച്ചു.

അന്ന് പിടിച്ചെടുത്ത ചില പ്രദേശങ്ങൾ പിന്നീട് വിട്ടുകൊടുത്തു. മേജർ ചൗധരിക്ക് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകി. '71ലെ യുദ്ധവീരന്മാർക്കുള്ള സംഗ്രാം അടക്കം ആറ് സേനാ മെഡലുകളുമായി 1978ൽ ഷംസുദ്ദീൻ വിരമിച്ചു. 2021ൽ അലഹബാദിൽ നടന്ന 50-ാം യുദ്ധജൂബിലിയിൽ സൈന്യത്തിന്റെ ക്ഷണപ്രകാരം പങ്കെടുത്തു. ഷീൽഡ് ഏറ്റുവാങ്ങി. സഹപ്രവ‌ർത്തകരിൽ ചിലരെ കണാൻ കഴിഞ്ഞതും സന്തോഷമായി. റഫിയത് ബീവിയാണ് ഭാര്യ. മക്കൾ: നൗഷാദ്, നിസാമുദീൻ, ബിന്ദു.

ഖുറാനുമായി മടക്കം

ആലപ്പുഴ ചാരുംമൂടാണ് ഷംസുദീന്റെ ജന്മദേശം. ചൈനാ യുദ്ധകാലത്ത് ആവേശമുൾക്കൊണ്ട് 20-ാം വയസിൽ സൈന്യത്തിലെത്തി. നാട്ടിലും തൊടുപുഴയിലും 'പട്ടാളം" ഷംസുക്ക എന്നാണ് വിളിപ്പേര്. '71ൽ പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യയുടെ വിജയാഘോഷം നടത്തിയവരിൽ ഷംസുവും ഉണ്ടായിരുന്നു. അവിടത്തെ ഖുറാനുമായാണ് മടങ്ങിയത്.