കേരള ഹോക്കി പിരിച്ചുവിടാനുള്ള കായിക വകുപ്പ് ഉത്തരവിന് ഹൈക്കോടതി സ്റ്റേ
തിരുവനന്തപുരം: കേരള ഹോക്കി അസോസിയേഷൻ പിരിച്ചുവിട്ട് ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കാനുള്ള സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി സോജി,പ്രസിഡന്റ് വി.സുനിൽ കുമാർ എന്നിവർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ സ്റ്റേ വിധിച്ചത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.
ഈ മാസം രണ്ടിനാണ് കേരള ഹോക്കി പിരിച്ചുവിടാൻ കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി ജയറാം കുമാർ ഉത്തരവിട്ടത്. ചില മുൻതാരങ്ങളിൽ നിന്ന് ലഭിച്ച പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണറിപ്പോർട്ടിലെ ശുപാർശയെത്തുടർന്നാണ് തീരുമാനമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. മൂന്നുമാസത്തിനകം കേരള ഹോക്കിയിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്താനും അതിന്റെ മേൽനോട്ടത്തിന് അഡ്‌ഹോക്കി കമ്മറ്റി രൂപീകരിക്കാനും ഉത്തരവിൽ പറയുന്നു. ഹോക്കി കേരളയ്ക്ക് പകരം ദൈനംദിന പ്രവർനങ്ങൾക്കായി ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.