ഐ.പി.എൽ ഉടൻ തുടരും
മുംബയ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന് വെടിനിറുത്തൽ പ്രഖ്യാപിച്ചതോടെ താത്കാലികമായി നിറുത്തിവച്ച ഐ.പി.എൽ പതിനെട്ടാം സീസണിലെ മത്സരങ്ങൾ ഈ ആഴ്ച തന്നെ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വ്യാഴാഴ്ചയോ, വെള്ലിയാഴ്ചയോ ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിച്ചേക്കുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയ ശേഷമായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുകയെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ കുമാർ ധുമൽ അറിയിച്ചു. ഇന്ത്യ- പാക് വെടി നിറുത്തൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ.പി.എൽ ഏത്രയും വേഗം പുനരാരംഭിക്കാനും നന്നായി അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മത്സരം പുനരാരംഭിക്കേണ്ട തീയതിയും മത്സരക്രമവും വേദകളെ പറ്റിയുള്ള കാര്യങ്ങളിലും തീരുമാനം ഉടൻ എടുക്കേണ്ടതുണ്ട്. എങ്ങനെ മുന്നോട്ട്പോകണമെന്ന് ടീം ഉടമകളുമായും ബ്രോഡ്കാസ്റ്റേഴ്സുമായുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും കാര്യങ്ങളെല്ലാം ഗവൺമെന്റുമായി സംസാരിച്ച് അനുമതി ലഭിച്ചതിന് ശേഷമായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുക.-ധുമൽ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം ഐ.പി.എൽ താത്കാലികമായി റദ്ദാക്കിയതിനെതുടർന്ന് വിദേശതാരങ്ങൾ പലരും നാട്ടിലേക്ക് മടങ്ങ. ഇവരെ തിരിച്ചെത്തിക്കേണ്ടതും പ്രധാനമാണ്. ഫൈനലുൾപ്പെടെ 16 മത്സരങ്ങളാണ് ഐ.പി.എൽ 18-ാം സീസണിൽ ഇനി നടക്കാനുള്ളത്. ഇതിനിടെ മാറ്റി വച്ച ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾക്ക് അതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐയെ സമീപിച്ചിരുന്നു,അതേസമയം നിറുത്തി വച്ച പാകിസ്ഥാൻ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഈ നിർദ്ദേശം തള്ളിയിരുന്നു.
മൂന്ന് വേദികൾ
ഐ.പി.എല്ലിലെ തുടർന്നുള്ള മത്സരങ്ങൾ ഹൈദരാബാദിലെ ഉപ്പൽ, ബംഗളൂരുവിലെ ചിന്നസ്വാമി,ചെന്നൈയിലെ ചെപ്പോക്ക് എന്നീ മൈതാനങ്ങളിലായി നടത്താനാണ് ഐ.പി.എൽ അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
വ്യാഴാഴ്ച ഹിമാചൽപ്രദേശിലെ ധർമ്മശാല സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസും - പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് അധികൃതർക്ക് മത്സരം നിറുത്തിവയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത്. അതിർത്തിയിലേക്ക് പാകിസ്ഥാന്റെ വ്യോമാക്രമണ സാദ്ധ്യത മനസിലാക്കിയാണ് മുന്നറിയിപ്പ് നൽകിയത്. മത്സരത്തിൽ പഞ്ചാബിന്റെ ബാറ്റിംഗ് 10.1 ഓവറിൽ എത്തിയപ്പോൾ അധികൃതർ നാല് ഫ്ളഡ്ലിറ്റുകളിൽ മൂന്നും അണച്ച് വൈദ്യുതി തകരാർ മൂലം കളി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കാണികളെ അറിയിക്കുകയായിരുന്നു. ഗാലറിയിൽ നിന്ന് കൂട്ടപ്പൊരിച്ചിൽ ഉണ്ടാകാതെ കാണികളെ ഒഴിപ്പിക്കാൻ ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽതന്നെ ഗ്രൗണ്ടിലിറങ്ങിയിരുന്നു.
കിരീടം തേടി പെൺപട
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. രാവിലെ 10ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ ് മത്സരം. കളിച്ച 4 മത്സരങ്ങളിൽ മൂന്നിലും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ശ്രീലങ്കയ്ക്ക് 4 മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയുമാണുള്ളത്.
എല്ലാവരും റിട്ടയേർഡ് ഔട്ട്:
വിചിത്ര തന്ത്രത്തിലൂടെ ജയം നേടി
യു.എ.ഇ വനിതാ ടീം
ബാങ്കോക്ക്: വനിതാ ട്വന്റി-20 ലോകകപ്പ് ഏഷ്യാ റീജിയൻ ക്വാളിഫയറിൽ ഖത്തറിനെതിരെ വിചിത്ര തന്ത്രം പുറത്തെടുത്ത് ജയം നേടി യു.എ.ഇ. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇയുടെ ബാറ്റർമാരെല്ലാം റിട്ടയേർഡ് ഔട്ടാവുകയായിരുന്നു.ദുർബലരായ ഖത്തറിനെതിരെ വിജയമുറപ്പിക്കാനിറങ്ങിയ യു.എ.ഇ മഴ സാധ്യത കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിവരം. മത്സരത്തിൽ യു.എ. ഇ 163 റൺസിന്റെ ജയം നേടി. മഴപെയ്ത് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ജയമുറപ്പിക്കാനുമാണ് യു.എ.ഇ ഈ തന്ത്രം പയറ്റിയത്. ട്വന്റി-20യിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ നിയമം ഇല്ലാത്തതിനാൽ മികച്ച ടോട്ടൽ നേടിയ യു.എ.ഇ വേഗം ഖത്തറിനെ ബാറ്റിംഗിന് ഇറക്കാനാണ് റിട്ടയേർഡ് ഔട്ട് തന്ത്രം പ്രയോഗിച്ചത്. 16 ഓവറിൽ 192/0 എന്ന നിലയിൽ ആയിരിക്കെയാണ് യു.എ.ഇ റിട്ടയേർഡ് ഔട്ട് തുടങ്ങിയത്. 55 പന്തിൽ 113 റൺസെടുത്ത ക്യാപ്ടൻ ഇഷ ഒസയാണ് ആദ്യം റിട്ടയേർഡ് ഔട്ടായത്. പിന്നാലെ അർദ്ധ സെഞ്ചറി നേടിയ തീർഥ സതീഷും (42 പന്തിൽ 74) റിട്ടയേർ ഡ് ഔട്ടായി. പിന്നീട് ഒൻപതു ബാറ്റർമാരും ഗ്രൗണ്ടിലെത്തി റിട്ടയേർഡ് ഔട്ടായി കയറിപ്പോകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഖത്തറിനെ 11.1 ഓവറിൽ 29 റൺസിന് ഓൾൗട്ടാക്കി യു.എ.ഇ ജയവുമുറപ്പിച്ചു. കളിച്ച 2 മത്സരവും ജയിച്ച യു.എ.ഇ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്.