ഓലമടലിൽ നിന്ന് കാർബൺ വേർതിരിച്ച് അമൃതയിലെ ഗവേഷക സംഘം
കൊല്ലം: ഉപയോഗശൂന്യമായ ഓലമടലിൽ നിന്ന് കാര്യക്ഷമത കൂടിയ കാർബൺ വേർതിരിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷക സംഘം. അമൃതപുരി ക്യാമ്പസിലെ സ്കൂൾ ഒഫ് ഫിസിക്കൽ സയൻസസിന്റെ ഗ്രീൻ എനർജി ലാബ് ഗവേഷകയായ ബി.ദേവു, സൂപ്പർവൈസർമാരായ സ്കൂൾ ഒഫ് ഫിസിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി.ഒ.ശ്രീകല, മലേഷ്യ പഹാങ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. രാജൻ ജോസ് എന്നിവരാണ് സംഘത്തിലുള്ളത്.
തെങ്ങോലയുടെ ഭാഗങ്ങളിൽ നിന്ന് കാർബൺ വേർതിരിച്ചെടുക്കുന്ന രീതി മുന്നേ ഉണ്ടെങ്കിലും അതിന്റെ മടൽ ഭാഗത്തുനിന്ന് ഇത്രയും ഉയർന്ന പ്രതല വിസ്തീർണ്ണം ലഭിക്കുന്ന കാർബൺ വേർതിരിച്ചെടുക്കാൻ സാധിക്കുന്നത് ഇത് ആദ്യമായാണ്. നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണ്ടുപിടിത്തത്തിന് ഇതിനോടകം തന്നെ ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ പേറ്റന്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ട്.
ഉയർന്ന പ്രകടന ശേഷിയും കപ്പാസിറ്റൻസും
നിലവിലുള്ള കാർബണുകളെ അപേക്ഷിച്ച് ഉയർന്ന പ്രകടന ശേഷി, കപ്പാസിറ്റൻസ് എന്നിവ ലഭിക്കുന്നു എന്നതാണ് ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന കാർബണുകളുടെ പ്രത്യേകത. മറ്റു കാർബണുകളെ അപേക്ഷിച്ച് ഏതാണ്ട് 80 ശതമാനത്തോളം അധികമാണ് ഇത്തരം കാർബണുകളുടെ പ്രതല വിസ്തീർണം. ഈ കാരണങ്ങൾ കൊണ്ടുതന്നെ ജലശുദ്ധീകരണം പോലെയുള്ള പ്രക്രിയകളിൽ അഡ്സോർപ്ഷൻ ഏജന്റുകൾ ആയും ബാറ്ററികളിലും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ കാർബണുകൾ ആയിരിക്കും ഇവ. തേനീച്ചക്കൂടുകളുടെ രൂപഘടനയാണ് ഇത്തരം സജീവ കാർബണുകൾക്കുള്ളത്. ജലശുദ്ധീകരണത്തിന് ഇത്തരം കാർബണുകൾ ഉപയോഗിക്കുന്നതിലൂടെ കാഡ്മിയം, ലെഡ് മുതലായ വിഷപദാർത്ഥങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ 96% വരെ ജലത്തിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കും.