മുള്ളൻപന്നി വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ
Sunday 11 May 2025 1:24 AM IST
കൊട്ടാരക്കര: വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കാണപ്പെട്ട മുള്ളൻപന്നിയെ നാട്ടുകാർ കണ്ടെത്തി വനം വകുപ്പിനു കൈമാറി. തൃക്കണ്ണമംഗൽ കുരിശ്ശടിക്ക് സമീപം റോഡ് സൈഡിൽ പ്രഭാത സവാരിക്കാരാണ് പരിക്കേറ്റ മുള്ളൻപന്നിയെ കണ്ടത്. കാൽനട യാത്രക്കാർ ഉടൻതന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ മുള്ളൻ പന്നിക്ക് മുന്നോട്ട് സഞ്ചരിക്കാനാകാത്ത അവസ്ഥയിലായിരുന്നു.
അഞ്ചലിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ 9 മണിയോടെ സ്ഥലത്തെത്തി മുള്ളൻപന്നിയെ വാഹനത്തിൽ കൊണ്ടു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥൻ ഉല്ലാസ്, പൊതു പ്രവർത്തകരായ ജോൺ ഹാബേൽ, സജി ചേരൂർ, തെന്നൂർ മുരളി, ജോൺ കളീലഴികം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം വിലങ്ങറ പ്രദേശങ്ങളിൽ കാട്ടു പന്നികളുടെയും മുള്ളൻപന്നികളുടെയും സാന്നിദ്ധ്യം സജീവമാണ്.