അഴിമതി വേട്ടയ്ക്കിടെ കസേര തെറിപ്പിച്ചു: യോഗേഷ് ഗുപ്‌ത കേരളം വിടുന്നു

Sunday 11 May 2025 2:26 AM IST

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വൻ അഴിമതികൾ പിടികൂടിയതിന് പിന്നാലെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ ഡി.ജി.പി യോഗേഷ്ഗുപ്ത കേരളം വിടുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്രിലോ (ഇ.ഡി), സി.ബി.ഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിലോ ഡെപ്യൂട്ടേഷനിൽ പോയേക്കും. അടുത്ത പൊലീസ് മേധാവിയാവാനുള്ള പട്ടികയിൽ മൂന്നാമനായ യോഗേഷിന് സാദ്ധ്യത കൽപ്പിച്ചിരുന്നതാണ്. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായതോടെ സാദ്ധ്യത മങ്ങി. അടുത്തമാസം പൊലീസ് മേധാവി നിയമനത്തിൽ തീരുമാനമായാലുടൻ കേന്ദ്രസർവീസിലേക്ക് പോവും.

ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്ന യോഗേഷ് അഞ്ചുവർഷം സി.ബി.ഐയിലും ഏഴുവർഷം ഇ.ഡിയിലും പ്രവർത്തിച്ച് നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെയും ബാങ്ക് തട്ടിപ്പുകാരുടെയും നികുതിവെട്ടിപ്പുകാരുടെയും പേടിസ്വപ്നമായിരുന്നു. ഇ.ഡി സ്പെഷ്യൽ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ് വാലി, സീഷോർ ചിട്ടിതട്ടിപ്പുകൾ, നാരദാ കോഴടേപ്പ്, ബേസിൽ നിക്ഷേപതട്ടിപ്പ് കേസുകൾ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്. തൃണമൂൽ നേതാക്കൾ കുടുങ്ങിയ ചിട്ടിതട്ടിപ്പുകേസുകളിൽ പതിനായിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചതും ഈ അന്വേഷണമികവിനാണ്. 2020 ഡിസംബറിൽ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷന് തടസമില്ല.

കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുമായി ബന്ധമുള്ള ബിനാമികമ്പനിക്ക് 12കോടിയുടെ കരാർ നൽകിയതിൽ കേസെടുക്കാൻ നിർദ്ദേശിച്ചതാണ് യോഗേഷിന്റെ കസേര തെറിപ്പിക്കാനിടയാക്കിയത്. മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരിക്കെ, തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു. മാറ്റും മുൻപ് യോഗേഷിനോട് സർക്കാർ ആശയവിനിമയം നടത്തിയതുമില്ല. ഏറ്റവുംസീനിയറായ രണ്ടാമത്തെ ഡി.ജി.പിയാണ് യോഗേഷ്.

നാളികേരം, കൊപ്രാ സംഭരണത്തിൽ പൊതുമേഖലാ സ്ഥാപനം നടത്തിയ 100കോടിയുടെ സബ്സിഡി വെട്ടിപ്പ്, കരാറുകാരുമായി ചേർന്ന് മറ്റൊരു കോർപറേഷൻ നടത്തിയ കോടികളുടെ തട്ടിപ്പ്, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സ്ഥാപനം നടത്തിയ 15കോടിയുടെ തട്ടിപ്പ്, കൃഷിമേഖലയിലെ കോർപറേഷൻ കേന്ദ്രസർക്കാരിന്റെ സബ്സിഡി തട്ടിയത് എന്നിവ കണ്ടെത്തി കേസെടുക്കാൻ ശ്രമിച്ചതോടെ അനഭിമതനാവുകയായിരുന്നു.

ശിക്ഷ ഉറപ്പാക്കുന്ന

അഴിമതി അന്വേഷണം

ഇ.ഡിയുടെ കള്ളപ്പണക്കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ട ആദ്യ രണ്ടുകേസുകളുടെയും അന്വേഷണം ഗുപ്തയ്ക്കായിരുന്നു. ആദ്യം ശിക്ഷിക്കപ്പെട്ടത് ജാർഖണ്ഡ് മന്ത്രി.

ലഹരിമരുന്ന് ബന്ധമുള്ള കള്ളപ്പണക്കേസിൽ രാജ്യത്താദ്യമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതും ഗുപ്തയായിരുന്നു.

സി.ബി.ഐയിലായിരിക്കെ, 20,000 കോടിയുടെ 50ബാങ്ക്തട്ടിപ്പുകൾ, എസ്.ബി.ഐ സ്വ‌ർണതട്ടിപ്പ്, എയർപോർട്ട് അതോറിട്ടി റിക്രൂട്ട്മെന്റ് തട്ടിപ്പ് കണ്ടെത്തി.

സപ്ലൈകോ, കെ.എഫ്.സി

ലാഭത്തിലാക്കി

സപ്ലൈകോയുടെ ചെയർമാൻ പദവിയേറ്റെടുത്ത് 600കോടിയുടെ നഷ്ടം നികത്തി. കേരള ഫിനാൻഷ്യൽ കോർപറേഷനെ (കെ.എഫ്.സി) ലാഭത്തിലേക്ക് നയിച്ചു.

ബിവറേജസ് കോർപറേഷൻ എം.ഡിയായിരിക്കെ, ആദായനികുതിവകുപ്പിൽ നിന്ന് കിട്ടാനുണ്ടായിരുന്ന 1150കോടി തിരിച്ചുപിടിച്ചു.

വിജിലൻസിൽ നാലുമാസം കൊണ്ട് 40കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നൽ റെയ്ഡുകൾ നടത്തിയും അഴിമതിവേട്ട നടത്തി.