കൊച്ചി - കന്യാകുമാരി വാതക പൈപ്പ്ലൈൻ 2030നകം
കൊച്ചി: പെട്രോളിയം ആൻഡ് നാച്ച്വറൽ ഗാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) സംരംഭമായ കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതിക്ക് ടെൻഡർ സമർപ്പണം പൂർത്തിയായി. ടെൻഡറുകൾ മേയ് എട്ടിന് തുറക്കാനാണ് തീരുമാനിച്ചതെങ്കിലും സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടലിലെ തകരാർ കാരണം നീട്ടിവച്ചു.
2030ന് മുമ്പ് കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കോട്ടയം, കൊട്ടാരക്കര, കാട്ടാക്കട, നാഗർകോവിൽ വഴിയാണ് അലൈൻമെന്റ്. സ്ഥലമെടുപ്പ് പ്രഖ്യാപിക്കുകയോ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. സർക്കാർ/സ്വകാര്യ ഭൂമിയിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന വിധമാണ് അലൈൻമെന്റ്. പരിസ്ഥിതി ആഘാതപഠനം, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ടെൻഡർ ഉറപ്പിച്ച ശേഷമാകും തീരുമാനിക്കുക. പൈപ്പ്ലൈനുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ കൃഷിസ്ഥലങ്ങളുടെയടക്കം ശേഷിക്കുന്ന ഭാഗം പൂർവസ്ഥിതിയിലാക്കും.
സ്ഥലമെടുപ്പിലെ എതിർപ്പുകൾ മറികടന്ന് കൊച്ചി- മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈൻ 2021ൽ കമ്മിഷൻ ചെയ്തിരുന്നു. ഇതിൽ നിന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്കുള്ള ലൈൻ പൂർത്തിയാക്കുകയും ബംഗളൂരുവിലേക്കുള്ള പണികൾ തുടരുകയുമാണ്. കൊച്ചി- മംഗലാപുരം പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കിയത് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയാണ്.
ബി.ഒ.ടി പദ്ധതി
കൊച്ചി- തൂത്തുക്കുടി പദ്ധതി ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാകും നടപ്പാക്കുക.
425 കിലോ മീറ്റർ:
കൊച്ചി - തൂത്തുക്കുടി
പൈപ്പ് ലൈൻ
3000 കോടി:
മുതൽമുടക്ക്
7 കോടി:
നിർമ്മാണ ചെലവ്
കിലോമീറ്ററിന്
30 ഇഞ്ച് വ്യാസം:
പൈപ്പിന്റെ വലിപ്പം
ഫാക്ടറികൾക്കും വീടുകൾക്കും നേരിട്ട് വിതരണം
തെക്കൻ മേഖലയിലെ കൂടുതൽ വീടുകൾക്കും ഫാക്ടറികൾക്കും സ്ഥാപനങ്ങൾക്കും പ്രകൃതിദത്ത ഇന്ധനം ലഭ്യമാകും. പൈപ്പ്ലൈനിലൂടെ വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് സംവിധാനം വിപുലീകരിക്കാനാകും. എൽ.പി.ജിയോളം തന്നെ വിലയുള്ള പ്രകൃതി വാതകത്തിന്റെ വില കുറയും. ഇന്ധന മലിനീകരണവും കുറയും.