പുത്തനുണർവേകി വിദ്യാഭ്യാസ കോൺക്ളേവ്
കൊട്ടാരക്കര : മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച 'ഡിസൈൻ-2025' വിദ്യാഭ്യാസ കോൺക്ളേവ് വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവേകി. കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഐ മേഖലയിൽ ഉയർന്നുവരുന്ന പുതിയ സാദ്ധ്യതകൾ, മാറുന്ന തൊഴി സാഹചര്യങ്ങൾ, നൈതിക വിഷയങ്ങൾ എന്നിവയൊക്കെ ചേർന്നതായിരുന്നു കോൺക്ളേവ്. വിവിധ മേഖലകളിലെ വിദഗ്ധരുമായി കുട്ടികൾക്ക് സംവദിക്കുന്നതിന് 9 സെക്ഷനുകളുമൊരുക്കിയിരുന്നു. ഡോ.അച്യുത് ശങ്കർ.എസ്.നായർ, രമ്യ ഗിരിജ, അമർ രാജൻ, ഡോ.അരുൺ സുരേന്ദ്രൻ, കെ.എൻ.ഷിബു, ശങ്കരി ഉണ്ണിത്താൻ, നിസാറി മഹേഷ്, ഒ.യു.ശ്രീക്കുട്ടി, കുക്കു പരമേശ്വരൻ എന്നിവർ ഓരോ വിഷയങ്ങളിലായി സംസാരിച്ചു. 32 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. കോൺക്ളേവ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ്.പി.അംബിക, സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ.എസ്.അയൂബ്, കെ.ഐ.ലാൽ, അമൃത, ആർ.പ്രദീപ്, ശശിധരൻ പിള്ള, ജി.കെ.ഹരികുമാർ, വി.സന്ദീപ് എന്നിവർ സംസാരിച്ചു.