മയക്കുമരുന്നിനെതിരായ യുദ്ധം തുടരും: മന്ത്രി എം.ബി.രാജേഷ്

Sunday 11 May 2025 2:32 AM IST

തൃശൂർ: മയക്കുമരുന്നിന് എതിരായ യുദ്ധത്തിൽ എക്‌സൈസ് വഹിച്ചിട്ടുള്ള പങ്ക് വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി എം.ബി.രാജേഷ്. വിവിധ ജില്ലകളിൽ നിയമനം ലഭിച്ച 84 എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെയും 59 സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും 14 വനിത സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.

മയക്കുമരുന്നിനെതിരായ യുദ്ധം കേരളത്തിൽ എക്‌സൈസും പൊലീസും സമൂഹമാകെയും ചേർന്ന് നടത്തുകയാണ്. ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതുകൊണ്ടാണ് വലിയ തോതിലുള്ള മയക്കുമരുന്ന് വേട്ട കേരള എക്‌സൈസിന് നടത്താൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

എക്‌സൈസ് അക്കാഡമിയുടെ ചരിത്രത്തിൽ കൂടുതൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരും വനിതകളും പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസർമാരിൽ 14 പേർ വനിതകളാണ്. അതിന് പുറമേയാണ് 14 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാർ. ആകെ 28 വനിതകൾ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാൻ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണർ എ.ഡി.ജി.പി മഹിപാൽ യാദവിനെ മന്ത്രി അഭിനന്ദിച്ചു. പരേഡിൽ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ്, എക്‌സൈസ് അക്കാഡമി ഡയറക്ടർ കെ.പ്രദീപ്കുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു.