വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ വരും: രാജീവ് ചന്ദ്രശേഖർ

Sunday 11 May 2025 2:35 AM IST

കൽപ്പറ്റ: കേരളത്തിൽ ഇടത് വലത് മുന്നണികളെ മടുത്ത ജനം വരുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ അധികാരത്തിൽ എത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചശേഷമേ ഇനി തനിക്ക് വിശ്രമമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭ്രാന്തുപിടിച്ച വന്യമൃഗത്തെപ്പോലെയാണ് പാകിസ്ഥാൻ പെരുമാറുന്നത്. നിരപരാധികളെ കൊന്ന് ഇന്ത്യയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന പാകിസ്ഥാൻ രീതി ഇനി അനുവദിക്കാൻ ആകില്ല. ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്തിവിട്ട് പാവപ്പെട്ട സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തി. മാപ്പ് അർഹിക്കാത്ത പാതകമാണ് ഭീകരർ നടത്തിയത്. അതിന് പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകാന്ത്, പള്ളിയറ രാമൻ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, കെ. സദാനന്ദൻ, സജി ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.