ലോട്ടറിയെടുത്ത് ആയിരങ്ങൾ കളയുന്നവരാണോ നിങ്ങൾ, ടൈറ്റസിന്റെ 'സൂത്രം' പിന്തുടർന്നു നോക്കൂ

Sunday 11 May 2025 2:06 PM IST

കൊല്ലം: ലോട്ടറി​ ടി​ക്കറ്റെടുത്ത് ദി​വസേന നൂറു കണക്കി​ന് രൂപ കളയുന്നവർക്ക് അസൂയയോടെ മാത്രമേ ടൈറ്റസി​നെ കാണാനാവൂ! കാരണം ആഴ്ചയിലെ ഒട്ടുമിക്ക ദിവസങ്ങളിലും ടൈറ്റസിന് സമ്മാനം ഉണ്ടാും. 5000 രൂപയ്ക്ക് മുകളിൽ ഇതേവരെ അടിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം.

എഴുകോൺ കാരുവേലിൽ അക്ഷരത്തിൽ ടൈറ്റസ് വർഗീസ് (55) എല്ലാ ദിവസവും സംസ്ഥാന ഭാഗ്യക്കുറി എടുക്കാറുണ്ട്. കൈയിലെ കാശ് പോലെ അഞ്ചും പത്തും ടിക്കറ്റുകളാണെടുക്കുക. പ്രീഡിഗ്രി പഠനകാലത്താണ് ഭാഗ്യപരീക്ഷണം തുടങ്ങിയത്. ഒരു ദിവസം രണ്ട് ടിക്കറ്റിന് 5000 രൂപ വീതം ലഭിച്ചു. ഒന്നാം സമ്മാനം പലപ്പോഴും ഒരു നമ്പരിന്റെ വ്യത്യാസത്തിൽ നഷ്ടമായി. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം ഡിപ്ളോമയും നേടിയ ടൈറ്റസ് വർഗീസ് ഇപ്പോൾ മലയാള സിനിമകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

ലൊക്കേഷൻ മാനേജർ, ഫിനാൻസ് മാനേജർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട യാത്രകളിലടക്കം ലോട്ടറി ടിക്കറ്റെടുക്കുന്നതാണ് വിനോദം. സമ്മാനമടിച്ച ടിക്കറ്റുകളിൽ ലഭിക്കുന്ന തുകയ്ക്ക് വീണ്ടും ടിക്കറ്റെടുക്കും. രണ്ട് ടിക്കറ്റുകൾക്ക് 5000 രൂപവീതം സമ്മാനമടിച്ചപ്പോൾ അതുപയോഗിച്ചാണ് അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിന് സൗകര്യമുണ്ടാക്കിയത്. അതൊരു ബിസിനസായി തുടരുന്നു. ഭാര്യ ജാക്വിലിനും മകൾ ദയയും ടൈറ്റസിന്റെ ലോട്ടറി കമ്പത്തിൽ ഹാപ്പിയാണ്.

പ്രായമുള്ളവർ ലോട്ടറി ടിക്കറ്റ് വിൽക്കുന്നത് കണ്ടാൽ ഞാൻ വാങ്ങും. സമ്മാനം ഉറപ്പാണ്. സമ്മാനം ലഭിച്ചാൽ ടിക്കറ്റ് തന്നയാളെ കണ്ടെത്തി ചെറിയ പാരിതോഷികം നൽകാറുമുണ്ട്. എനിക്ക് സ്ഥിരമായി സമ്മാനമടിക്കുന്നത് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ടൈറ്റസ് വർഗീസ്