നിയമനം നിലച്ച് ആകാശവാണി; പരിപാടികൾ പ്രതിസന്ധിയിൽ

Monday 12 May 2025 12:50 AM IST

കൊച്ചി:പരിചയസമ്പന്നരായ പ്രക്ഷേപകർ വിരമിക്കുമ്പോൾ പകരം നിയമനങ്ങൾ നടത്താത്തതിനാൽ കേരളത്തിലെ ആകാശവാണി നിലയങ്ങളിലെ പരിപാടികൾ പ്രതിസന്ധിയിൽ. നിലവിലുള്ള ജീവനക്കാരിൽ ഭൂരിഭാഗവും താത്കാലിക ജീവനക്കാരാണ്. സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് അധികാരമില്ലാത്തത് പരിപാടികളുടെ ഗുമേന്മയെയും പ്രസക്തിയെയും ബാധിക്കുന്നു.

ഈയിടെ വിരമിച്ച പ്രധാന പ്രക്ഷേപകരിൽ തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല, ദേവികുളം മേധാവിയും പ്രോഗ്രാം എക്‌സിക്യുട്ടീവുമായ മാത്യു ജോസഫ്, തൃശൂരിലെ അവതാരക പി.ജി. രുഗ്മിണി അമ്മാൾ എന്നിവർ ഉൾപ്പെടുന്നു. കൊച്ചിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ടി.പി. രാജേഷ് ഈ മാസം വിരമിക്കുന്നതോടെ കൊച്ചി നിലയത്തിൽ ഒരാൾ മാത്രമാകും സ്ഥിരം ജീവനക്കാരനായി അവശേഷിക്കുക. ദേവികുളം നിലയത്തിൽ സ്ഥിരം ജീവനക്കാർ ആരുമില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ആകാശവാണിയിലെ വിരമിക്കൽ പ്രായം 60 വയസാണ്.

നിലവിൽ കാഷ്വൽ ആർട്ടിസ്റ്റുകൾ എന്ന പേരിൽ എംപാനൽ ചെയ്ത കരാർ ജീവനക്കാരാണ് പ്രധാനമായും പരിപാടികൾ തയ്യാറാക്കുന്നതും അവതരിപ്പിക്കുകന്നതും. ജീവനക്കാരുടെ കുറവ് മൂലം തൃശൂർ, കോഴിക്കോട്, മഞ്ചേരി എന്നീ നിലയങ്ങൾ രാത്രിയിലെ പ്രക്ഷേപണം നിറുത്തിവച്ച് തിരുവനന്തപുരത്തെ പരിപാടികൾ കേൾപ്പിക്കുകയാണ് ചെയ്യുന്നത്.

ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പുനരാരംഭിച്ചെങ്കിലും അനന്തപുരി എഫ്.എം, കോഴിക്കോട് റിയൽ എഫ്.എം എന്നിവയുടെ പ്രവർത്തനം ഇപ്പോഴും ഭാഗികമാണ്. കോഴിക്കോട്ടെ പ്രാദേശിക വാർത്താ വിഭാഗം നിറുത്തലാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നേരത്തെ കൊച്ചി റെയിൻബോ നിറുത്തലാക്കാനും ശ്രമമുണ്ടായിരുന്നു.

2015നു ശേഷം നിയമനമില്ല ആകാശവാണിയുടെ നിയന്ത്രണം പ്രസാർഭാരതി ഏറ്റെടുത്തതോടെ പുതിയ നിയമനങ്ങൾ പരിമിതമാക്കി. 1994ൽ പുതിയ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. 2013ൽ അപക്ഷേ ക്ഷണിച്ച് തിരഞ്ഞെടുത്തവരെ 2015ലാണ് നിയമിച്ചത്. പിന്നീട് നിയമനങ്ങൾ നടത്തിയിട്ടില്ല.

പ്രോഗ്രാം ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.

മൊയ്തീൻകുഞ്ഞ് തൃക്കാക്കര,

സംസ്ഥാന പ്രസിഡന്റ്,

അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷൻ