വടകര ദേശീയപാതയിൽ വാഹനാപകടത്തിൽ നാലുമരണം, ഒരാൾക്ക് പരിക്ക്

Sunday 11 May 2025 6:00 PM IST

കോഴിക്കോട്: വാഹനാപകടത്തിൽ നാല് മരണം. കോഴിക്കോട് വടകര ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപമാണ് സംഭവം. കാറും ട്രാവലർ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ നാലുപേരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളാണ് ട്രാവലർ വാനിലുണ്ടായിരുന്നത്. കാറിൽ ഇന്ധനം അടിച്ചതിനുശേഷം റോഡിലേയ്ക്ക് ഇറങ്ങവേയാണ് ട്രാവലർ ഇടിച്ചത്. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.