'ലഹരി വിമുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ സമ്മേളനം

Sunday 11 May 2025 6:40 PM IST

''ലഹരി വിമുക്ത കേരളം'' ക്യാമ്പയിന്റെ ഭാഗമായി, ട്രിവാന്‍ഡ്രം ഗ്രൂപ്പിന്റെ കീഴിലുള്ള 2 കേരള ബറ്റാലിയന്‍ എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ മയക്കുമരുന്ന് വിരുദ്ധ സമ്മേളനം മേയ് പത്തിന് രണ്ടാം കേരള ബറ്റാലിയന്‍ വളപ്പില്‍ വിജയകരമായി നടന്നു. ഏകദേശം 500 എന്‍.സി.സി കേഡറ്റുകള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. സമ്മേളനം റൂറല്‍ എസ്.പി. ശ്രീ സുധര്‍ശന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തന്റെ എന്‍.സി.സി അനുഭവങ്ങളും, ലഹരിമരുന്ന് ദുരുപയോഗത്തിനെതിരെയുള്ള യുദ്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം കേഡറ്റുകളോട് പങ്കുവച്ചു.

കേരളാ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും, നിലവിലുള്ള നിയമവ്യവസ്ഥകളെയും കുറിച്ചുള്ള ക്ലാസുകള്‍ നല്‍കിക്കൊണ്ട് കേഡറ്റുകള്‍ക്ക് ബോധവത്കരണം നല്‍കി.

2 കേരള ബറ്റാലിയന്റെ കേഡറ്റുകള്‍ അവതരിപ്പിച്ച വിഷയാത്മക സ്‌കിറ്റ് ലഹരിമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങള്‍ ശക്തമായി പ്രതിപാദിച്ചു. തുടര്‍ന്ന് ''ഉണര്‍വ്'' എന്ന ബോധവത്കരണ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

സമ്മേളനത്തില്‍ 2 കെ ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസര്‍ കര്‍ണല്‍ ഖട ചൗധരി, എസ് എം ഉം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ ആനന്ദ് സി എസും സന്നിഹിതരായിരുന്നു. മയക്കുമരുന്ന് വിരുദ്ധ സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിനായി ഈ സമ്മേളനം കേഡറ്റുകള്‍ക്ക് വലിയ പ്രചോദനമായി.