നിപ : മലപ്പുറത്തെ രോഗിയുടെ സമ്പർക്കപട്ടികയിൽ ആറ് ജില്ലക്കാർ, 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 18 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 112 ആയി. 54 പേർ ഹൈറിസ്ക് വിഭാഗത്തിലും 58 പേർ ലോ റിസ്കിലുമാണ്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതേസമയം സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഓൺലൈനായി നിപ അവലോകന യോഗം ചേർന്നു. ഹൈറിസ്ക് പട്ടികയിലുള്ള 10 പേർക്ക് പ്രൊഫൈലാക്ലിസ് ചികിത്സ നൽകിവരുന്നു. ഫീവർ സർവൈലൻസിന്റെ ഭാഗമായി ഇന്ന് 2087 വീടുകൾ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദർശിച്ചത്. 87 ശതമാനം ഹൗസ് വിസിറ്റ് പൂർത്തിയാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻി മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ നിർദ്ദേശം നൽകി.