നെല്ലിന്റെ വില ലഭിച്ചില്ല

Monday 12 May 2025 1:43 AM IST
paddy

തൃത്താല: രണ്ടുമാസം പിന്നിട്ടിട്ടും അളന്നെടുത്ത് പോയ നെല്ലിന്റെ വില അധികൃതരിൽ നിന്ന് ലഭിച്ചില്ലെന്ന് കർഷകർക്ക് പരാതി. കൂറ്റനാട്-വട്ടേനാട് പാടശേഖര സമിതിയിലെ കർഷകർ ഉത്പാദിപ്പിച്ച നെല്ലിന്റെ വില രണ്ടുമാസം കഴിഞ്ഞിട്ടും നൽകിയില്ലെന്നാണ് കർഷകർ പറയുന്നത്. കൂറ്റനാട്-വട്ടേനാട് പാടശേഖര സമിതിയിലെ അംഗങ്ങളായ കർഷകർ വട്ടേനാട് ഒത്തുകൂടി കർഷകർക്ക് നെല്ലിന്റെ വില അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. കൂറ്റനാട്, വട്ടേനാട് പാടശേഖര സമിതിയിൽ 125 ഏക്കർ സ്ഥലത്ത് വിളയിച്ച 250 ടൺ നെല്ലിന്റെ വിലയാണ് ഇവിടുത്തെ കർഷകർക്ക് നൽകാനുള്ളത്. പലരും ഭൂമി പാട്ടത്തിനെടുത്തും കടം വാങ്ങിയും വായ്പയെടുത്തുമാണ് കൃഷി ചെയ്തിട്ടുള്ളത്. താത്കാലിക ആശ്വാസത്തിന് കർഷകന് നെല്ലിന്റെ വിപണിവിലയെങ്കിലും നൽകാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കാർഷിക മേഖല ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നും ധർണയിൽ പങ്കെടുത്ത കർഷകർ പറഞ്ഞു. വട്ടേനാട് പാടശേഖര സമിതി പ്രസിഡന്റ് എ വി ഹുസൈൻ, സെക്രട്ടറി ടി.വി.മുരളി, കർഷകരായ പി.ജി.സുരേഷ്, ഫൈസൽ കൂറ്റനാട്, എ.വി.ഹൈദ്രു, ടി.പി.പ്രദീപ്, മേനേത്ത് ഞാലിൽ ചമ്മിണി പങ്കെടുത്തു.