വേനൽമഴ കാത്തു; സംസ്ഥാനത്ത് ആറ് ജില്ലകളിൽ അധികമഴ

Monday 12 May 2025 1:49 AM IST

പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ 228.4 മില്ലീമീറ്റർ വേനൽമഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ കേരളത്തിൽ 203.5 എം.എം മഴ ലഭിച്ചു. 24.9 എം.എം മഴ കൂടുതൽ രേഖപ്പെടുത്തി. ആറ് ജില്ലകളിലാണ് അധികമഴ ലഭിച്ചത്. ഒരു ജില്ലയിലും മഴക്കുറവില്ല. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്. ഈ കാലയളവിൽ കോട്ടയത്തിന് ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 263.4 എം.എം ആയിരുന്നെങ്കിൽ പെയ്തത് 409.9 എം.എം, 56 ശതമാനം കൂടുതൽ. കണ്ണൂർ 46%, തിരുവനന്തപുരത്ത് 45% കൂടുതൽ മഴ ലഭിച്ചു. ഇതുകൂടാതെ പത്തനംതിട്ട (25%), പാലക്കാട് (23%) കൊല്ലം (22%) എന്നീ ജില്ലകൾക്കും അധികമഴ ലഭിച്ചു. മറ്റ് ജില്ലകളിൽ ശരാശരി മഴ ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 കാലവർഷം നേരത്തെയെത്തും

തെക്ക് പടിഞ്ഞാറൻ മൺസൂൺ ഈ മാസം 27ന് കേരളത്തിലെത്താൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിലും 5 ദിവസം നേരത്തെയാണിത്. ചിലപ്പോൾ നാല് ദിവസം മന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുമുണ്ടെന്നും കാലാവസ്ഥാ വിദ്ഗധർ പറയുന്നു.

കേരളത്തിൽ ജൂൺ മുതൽ സെപ്തംബർ വരെ കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 2018.6 മില്ലിമീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1748 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 13 ശതമാനത്തിന്റെ കുറവ്. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർദ്ധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു.

 മാർച്ച് ഒന്നുമുതൽ ഇന്നലെവരെയുള്ള കേരളത്തിലെ മഴക്കണക്ക് ആകെ പെയ്തത്, ശരാശരി ലഭിക്കേണ്ടത് ക്രമത്തിൽ

ആലപ്പുഴ - 212.6 - 245.6 കണ്ണൂർ - 171- 116.8 എറണാകുളം - 189.1 - 216.4 ഇടുക്കി - 236.7 - 271 കാസർകോട് - 85.2 - 98.4 കൊല്ലം - 329.9 - 271.2 കോട്ടയം - 409.9 - 263.4 കോഴിക്കോട് - 156.4 - 162.2 മലപ്പുറം - 169.7 - 171.3 പാലക്കാട് - 186 - 151.5 പത്തനംതിട്ട - 424.7 - 340.2 തിരുവനന്തപുരം - 333.1 - 230.1 തൃശൂർ - 173.9 - 168 വയനാട് - 172.5 - 153.9