കെ.ആർ. ഗൗരി അമ്മയുടെ നാലാം ചരമവാർഷികം
കൊച്ചി: മലയാളികൾ അത്യധികം സ്‌നേഹാരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവനായികയാണ് കെ.ആർ.ഗൗരി അമ്മയെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു പറഞ്ഞു. ഗൗരി അമ്മയെപ്പോലെ ദീർഘവും സംഭവബഹുലവമായ ഒരു കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെയില്ല. പൗരുഷം പുരുഷന്റെ കുത്തകയാണെന്ന സങ്കൽപ്പത്തെ ഇടിച്ചുനിരത്തി സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയാണ് ഗൗരി അമ്മ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജൻ ബാബു. ജില്ലാ പ്രസിഡന്റ് മധു അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സെന്റർ അംഗങ്ങളായ അഡ്വ.കെ.വി. ഭാസി, അഡ്വ. സുനിത കെ.വിനോദ്, ജെ.വൈ.എസ്. സംസ്ഥാന കൺവീനർ ഡോ. അഭിലാഷ് നാഥ്, അയ്യപ്പൻകുട്ടി, ആന്റണി, എൽദോസ്, കോയ, ഗിരിജ, തുടങ്ങിയവർ സംസാരിച്ചു.