 കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ മെക്കാനിക്കൽ ജോലികൾ വൈകുന്നു

Monday 12 May 2025 1:49 AM IST
സർക്കാർ അംഗീകാരം ലഭിക്കാത്തതിനാൽ മെക്കാനിക്കൽ വർക്ക് തുടങ്ങാനാവാതെ പണി സ്തംഭിച്ച കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്.

പട്ടാമ്പി: സിവിൽ ജോലികൾ അവസാന ഘട്ടത്തിലായിട്ടും കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്ററിന്റെ മെക്കാനിക്കൽ വിഭാഗം ജോലികൾ ആരംഭിച്ചിട്ടില്ല. പദ്ധതിയുടെ മെക്കാനിക്കൽ ജോലികളുടെ റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടും സർക്കാർ അംഗീകാരം ലഭിക്കാത്തതാണ് തടസം. ആറുമാസം മുമ്പാണ് അനുമതി തേടി റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിച്ചത്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് മെക്കാനിക്കൽ ജോലികളുടെ ചുമതല. മെക്കാനിക്കൽ ജോലികൾ തുടങ്ങിയാൽ മാത്രമേ റെഗുലറ്ററിന്റെ അവശേഷിക്കുന്ന സിവിൽ ജോലികളടക്കം പൂർത്തിയാക്കാൻ കഴിയൂ. ഷട്ടർ, മോട്ടർ, നടപ്പാത, വാച്ച് റൂം ഉൾപ്പടെയുള്ള ജോലികളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടുക. തൂണുകളുടെ നിർമ്മാണം, എപ്രണുകൾ, സംരക്ഷണ ഭിത്തി ഉൾപ്പടെയുള്ള ജോലികളാണ് സിവിൽ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 19 തൂണുകളുള്ള റെഗുലേറ്ററിന്റെറെ ഒരു തൂണിന്റെ ഉയരം വർധിപ്പിക്കുന്ന ജോലികൂടി കഴിഞ്ഞാൽ സിവിൽ ജോലികൾ പൂർത്തിയാകും.

 പദ്ധതി 35 കോടി രൂപ ചെലവിൽ

35 കോടി രൂപ ചെലവിൽ 'റീബിൽഡ്‌കേരള' പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചത്. ആനക്കര, പട്ടിത്തറ, പരുതൂർ, ഇരിമ്പിളിയം ഉൾപ്പെടെ നാല് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. പദ്ധതിയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിൽ ജലസേചന ശുദ്ധജല പദ്ധതികളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഇരിമ്പിളിയം, കാരമ്പത്തൂർ ശുദ്ധജല പദ്ധതികളുടെ ജലസ്രോതസു കൂടിയാണ് കൂട്ടക്കടവ് പദ്ധതി പ്രദേശം.

 പദ്ധതി പൂർത്തിയായാൽ തൃത്താല നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിന് വഴിതെളിക്കും. അതിനാൽ മെക്കാനിക്കൽ വിഭാഗം ജോലികൾക്ക് ഈ വർഷക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ അംഗീകാരം നൽകണം. സി.എച്ച്.ഷൗക്കത്തലി, ഡി.സി.സി വൈസ് പ്രസിഡന്റ്