കണ്ണീരായി.., കണ്ണൻ
പത്തനംതിട്ട : കോൺഗ്രസ് പ്രവർത്തകർക്കും നാട്ടുകാർക്കും വിശ്വസിക്കാനാവുന്നില്ല ഡി.സി.സി വൈസ് പ്രസിഡന്റും കുറവർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ജി.കണ്ണന്റെ വേർപാട്. പാർട്ടിയിലും നാട്ടിലും സമുദായ രംഗത്തും ഭാവിയിൽ ഉന്നത പദവികൾ വഹിക്കേണ്ട കഠിനാദ്ധ്വാനിയായിരുന്നു നാൽപ്പത്തിരണ്ടുകാരനായ എം.ജി.കണ്ണൻ. ആരുടെയും തണലാകാതെ പ്രവർത്തിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും ഡി.സി.സി വൈസ് പ്രസിഡന്റായും ഉയർന്നത്. ഇരുപത്തിരണ്ടാം വയസിൽ ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് അംഗമായത് പൊതുരംഗത്ത് ആദ്യ ജനകീയ അംഗീകാരമായി. ജില്ലാ പഞ്ചായത്തംഗമായി ഇലന്തൂർ, റാന്നി ഡിവിഷനുകളിൽ നിന്ന് തുടർച്ചയായി ജയിച്ചതോടെ കണ്ണൻ ജില്ലയിൽ അറിയപ്പെടുന്ന നേതാവായി. കഴിഞ്ഞ തവണ നിയമസഭയിലേക്ക് അടൂർ നിയോജക മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിനോട് തോറ്റത് ചെറിയ ഭൂരിപക്ഷത്തിലായിരുന്നു. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന യുവത്വം. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ പ്രവർത്തകർക്കെല്ലാം ആവേശമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. ആറൻമുളയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസിനും ആരോഗ്യ വകുപ്പിനുമെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ തലയ്ക്കടിയേറ്റ് നിലത്തുവീണ കണ്ണൻ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. നേതാവായല്ല, കൂട്ടത്തിലൊരുവനായിരുന്നു യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്കും നാട്ടുകാർക്കും എം.ജി.കണ്ണൻ.
കൊവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ സന്നദ്ധ പ്രവർത്തനത്തിന് സജീവമായി മുന്നിലുണ്ടായിരുന്നു. ഭവനരഹിതർക്ക് വീടുവച്ചു കൊടുക്കുന്നതിന് മുന്നിട്ടിറങ്ങിയത് സ്വന്തം വീട്ടിലെ പ്രതിസന്ധികൾ വകവയ്ക്കാതെയായിരുന്നു. ഏത് സമയത്തും എല്ലാവർക്കും സമീപിക്കാവുന്ന നേതാവായിരുന്നു കണ്ണൻ.
തിരഞ്ഞെടുപ്പ് തലേന്ന് മകനെ
തോളിലിട്ട് ആശുപത്രിയിൽ
2021ൽ അടൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായരുന്ന എം.ജി.കണ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് പോയത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്കായിരുന്നു. നിശബ്ദ പ്രചരണ ദിവസം മകൻ ശിവകിരണിനെ തോളിലിട്ട് ആശുപത്രി വരാന്തയിൽ ഡോക്ടറെ കാത്തുനിൽക്കുകയായിരുന്നു സ്ഥാനാർത്ഥി. ചികിത്സ മുടങ്ങാതിരുന്നാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നതുകൊണ്ട് പ്രചാരണം കഴിഞ്ഞപ്പോൾ തന്നെ മകനെയും ഭാര്യ സജിത മോളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ പോകുമ്പോൾ അച്ഛൻ ഒപ്പം വേണമെന്ന നിർബന്ധമുണ്ടായിരുന്നു മകന്.