വിജയാരവം മുഴക്കാൻ ഓഹരികൾ

Monday 12 May 2025 12:43 AM IST

കൊച്ചി: ഇന്ത്യയും പാകിസ്ഥാനുമായി വെടിനിറുത്തൽ പ്രാബല്യത്തിലായതോടെ നിക്ഷേപകരുടെ ആവേശം അടുത്ത വാരം വിപണിക്ക് കരുത്താകും. രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ കഴിഞ്ഞ വാരത്തിലെ അവസാന രണ്ട് വ്യാപാര ദിനങ്ങളിലും ഇന്ത്യൻ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു. ഇരു പക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ നിക്ഷേപകർക്ക് ആശ്വാസം ഏറെയാണ്. പ്രകോപനങ്ങൾ ഏറിയിട്ടും പാകിസ്ഥാനെതിരെ നിയന്ത്രിതവും കേന്ദ്രീകൃതവുമായ തിരിച്ചടി മാത്രം നൽകി ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറിയതാണ് വിദേശ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നത്. സാമ്പത്തിക മേഖലയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിദേശ നിക്ഷേപകർക്ക് നൽകിയത്. അമേരിക്കയും ചൈനയും വ്യാപാര ചർച്ചകൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതും വിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. നാണയപ്പെരുപ്പം, കയറ്റുമതി, ഇറക്കുമതി കണക്കുകൾ തുടങ്ങിയ പ്രധാന വിവരങ്ങളും ഈ വാരം പുറത്തുവരും.