കർഷകർക്ക് സബ്‌സിഡിയുമായി 'കേര' പദ്ധതി

Monday 12 May 2025 12:44 AM IST

റബ്ബർ, ഏലം, കാപ്പി കർഷകർക്ക് നേട്ടമാകും

തിരുവനന്തപുരം : കാലാവസ്‌ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള റബർ തൈകൾ വച്ചുപിടിപ്പിക്കാൻ 'കേര' പദ്ധതിയിലൂടെ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ ) കർഷകർക്ക് സഹായം. ഏലം, കാപ്പി കർഷകർക്കും സബ്‌സിഡി വിതരണം ചെയ്യും. ഹെക്ടറൊന്നിന്‌ 75,000 രൂപയാണ് റബ്ബർ കർഷകർക്ക്‌ സബ്‌സിഡി. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും.ജൂൺ മുതൽ പദ്ധതി നടപ്പാക്കാനാണ് സാദ്ധ്യത. അഞ്ച്‌ ഹെക്ടർവരെ കൃഷിയുള്ളവർക്കാണ്‌ റബ്ബറിന് സഹായം നൽകുക. ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിയുള്ളവർക്ക്‌ സഹായം നൽ‌കും.

കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബർ കർഷകർക്കാണ്‌ സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട്‌ ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കും നൽകും. റബർ കൃഷിക്ക് റബർ ബോർഡ് ഇപ്പോൾ നൽകുന്ന സബ്‌സിഡിയുടെ ഇരട്ടിയോളം തുകയാണ് 'കേര' പദ്ധതിയിലുള്ളത്. എന്നാൽ ഏതെങ്കിലും ഒരു സബ്‌സിഡി മാത്രമേ കർഷകർക്ക് ലഭിക്കൂ. കൃഷി വകുപ്പാണ്‌ പ്ലാന്റേഷൻ ഡയറക്ടറേറ്റ്‌ വഴി പദ്ധതി നടപ്പാക്കുന്നത്‌. 2365.5 കോടി രൂപയുടെ ലോകബാങ്ക് പദ്ധതിയുടെ ആദ്യഗഡുവായി 139.65 കോടി രൂപ കൃഷിവകുപ്പിന് ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിനനുസൃത കൃഷിരീതി അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് കേര.