@ മുഹമ്മദ് റഫി മ്യൂസിയം പിതാവിന്റെ ഓർമ്മകൾ കോഴിക്കോടിന് സമ്മാനിക്കുമെന്ന് ഷഹിദ് റഫി
കോഴിക്കോട്: പിതാവിന്റെ ഓർമ്മകൾക്ക് കൂടൊരുങ്ങുന്ന കോഴിക്കോട്ട് അനുഗ്രഹീത ഗായകൻ മുഹമ്മദ് റഫിയുടെ മകനെത്തി. അരവിന്ദ് ഘോഷ് റോഡിൽ കോർപ്പറേഷൻ അനുവദിച്ച സ്ഥലത്തുയരുന്ന റഫി മ്യൂസിയം നിർമാണം വിലയിരുത്താനാണ് മകൻ ഷഹിദ് റഫിയെത്തിയത്. കേരളത്തിൽ പാട്ടിനെ നെഞ്ചേറ്റുന്ന കോഴിക്കോട്ട് പിതാവിനായി മ്യൂസിയം ഒരുങ്ങുന്നതിൽ ഈ നാടിനോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ഷഹിദ് റഫി പറഞ്ഞു. മൂസിയം പൂർത്തിയാവുമ്പോൾ വീണ്ടുവരും. അപ്പോൾ മ്യൂസിയത്തിന് സമർപ്പിക്കാനായി പിതാവിന്റെ ഓർമ്മകൾകൂടി കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഷഹിദ് മടങ്ങിയത്. കോഴിക്കോടൻ സംഗീതത്തിൽ അലിഞ്ഞു ചേർന്ന പേരാണ് മുഹമ്മദ് റഫി. ടൗൺഹാളും മാനാഞ്ചിറയും ടാഗോർ ഹാളുമെല്ലാം സംഗീത സാന്ദ്രമാവുമ്പോൾ മുഹമ്മദ് റഫിയുടെ ഗാനങ്ങളാവും കൂടുതലും. അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമദിനത്തിലുമെല്ലാം രാജ്യത്ത് ഏറ്റവും കൂടുതൽ സംഗീത സന്ധ്യകൾ അരങ്ങേറുന്നത് കോഴിക്കോട്ടാണ്. അതറിഞ്ഞുകൊണ്ടാണ് കോഴിക്കോട്ടെ സംഗീത ആസ്വാദകരുടെ ആവശ്യപ്രകാരം അരവിന്ദ് ഘോഷ് റോഡിൽ 4.6സെന്റ് സ്ഥലം കോർപ്പറേഷൻ സൗജന്യമായി നൽകിയത്. 60ലക്ഷം രൂപ ചെലവിൽ രണ്ടുനിലകളിലായാണ് മ്യൂസിയം ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ മ്യൂസിയം യാഥാർത്ഥ്യമാവുമ്പോൾ കോഴിക്കോടൻ പാട്ടുസന്ധ്യകളുടെ മറ്റൊരു ഇടം കൂടിയാവും. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാവുമാവും. റഫി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഷഹിദ് റഫിയ്ക്ക് നൽകിയ സ്വീകരണത്തിൽ റഫി മ്യൂസിയം കമ്മിറ്റി ചെയർമാൻ കെ. വി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. റഫി മ്യൂസിയം കമ്മിറ്റി ജനറൽ കൺവീനർ കെ.സുബൈർ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ. വി. സക്കീർ ഹുസൈൻ ഷഹിദ് റഫിയെ പൊന്നാട അണിയിച്ചു. കൗൺസിലർ എസ്. കെ. അബൂബക്കർ റഫി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നയൻ ജെ. ഷാ, വൈസ് പ്രസിഡന്റ് കെ. സലാം. ജോ.സെക്രട്ടറി സന്നാഫ് പാലക്കണ്ടി കെ, ലൂമിനസ് മുരളിധരൻ, എൻ. സി അബ്ദുള്ള കോയ, ഷംസുദീൻ മുണ്ടോളി എന്നിവർ പ്രസംഗിച്ചു. ട്രഷറർ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.