'കരുതലാകാം കരുത്തോടെ' ഉദ്ഘാടനം ഇന്ന്

Monday 12 May 2025 12:18 AM IST

പത്തനംതിട്ട : ജില്ലാപഞ്ചായത്ത് രക്ഷാകർതൃ ശാക്തീകരണത്തിനായി നടപ്പാക്കുന്ന 'കരുതലാകാം കരുത്തോടെ' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യ അതിഥിയാകും. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.എസ് ലോഗോ രൂപകൽപ്പന ചെയ്ത ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അനന്യ ബി.നായർക്ക് ഉപഹാരം നൽകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും അദ്ധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂളിൽ നിന്നുള്ള അദ്ധ്യാപക പ്രതിനിധികളുടെ ശില്പശാല നടക്കും. ഓരോ ഹൈസ്‌കൂളിനെയും രക്ഷാകർതൃ ശാക്തീകരണ കേന്ദ്രമെന്ന നിലയിൽ മാറ്റിയെടുക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശില്പശാലയ്ക്ക് ശേഷം ജൂൺ, ജൂലായ് മാസങ്ങളിൽ രക്ഷാകർതൃ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് ഹൈസ്‌കൂളുകളിൽ ക്ലാസ് പി.ടി.എകൾ കൂടും.