കേരള പ്രീമിയർ ലീഗ്  പൊലീസിനെത്തകർത്ത് മൂത്തൂറ്റിന് കിരീടം

Sunday 11 May 2025 11:31 PM IST

കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ഫുട്ബാൾ ഫൈനലിൽ കേരള പൊലീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മുത്തൂറ്റ് എഫ്.എ. വിജയകിരീടം ചൂടി. മുത്തൂറ്റിന് വേണ്ടി എസ്. ദേവദത്ത്, കെ.ബി. അബിത്ത് എന്നിവർ ഗോൾ സ്‌കോർ ചെയ്തപ്പോൾ പൊലീസിനായി എൻ.എസ്.സുജിലാണ് സ്കോർ ചെയ്തത്. കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ ആദ്യമായി കളിച്ചാണ് മുത്തൂറ്റ് ജേതാക്കളായത്. കെ.പി.എല്ലിന്റ ഫൈനലിൽ രണ്ടാം തവണ മാറ്റുരച്ച കേരള പൊലീസിന് കിരീ‌ടം വീണ്ടും അകലെയായി. 44ാം മിനുട്ടിൽ മുത്തൂറ്റിന്റെ മുന്നേറ്റ താരം എസ്. ദേവദത്തിന്റെ കിക്കാണ് കേരള പോലീസിന്റെ വല കുലുക്കിയത് . ബോക്‌സിന് സമീപത്ത് നിന്ന് പൊലീസിന്റെ പ്രതിരോധ താരം സഫ്വാന്റെ പിഴവിൽ നിന്ന് ലഭിച്ച പന്താണ് ദേവദത്ത് ഗോളാക്കിയത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇരു ടീമുകളും സ്‌കോർ ഉയർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. 54ാം മിനുട്ടിൽ മധ്യനിര താരം എൻ.എസ്. സുജിലിന്റെ വകയായിരുന്നു പൊലീസിന്റെ ഗോൾ . സജീഷിന്റെ കിക്ക് മുത്തൂറ്റ് പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി റീ ബൗണ്ട് ചെയ്ത പന്താണ് സുജിൽ മുത്തൂറ്റ് ഗോൾ കീപ്പർ മുഹമ്മദ് അനസിനെ കബളിപ്പിച്ച് ഗോളാക്കിയത്. മത്സരം സമനിലയിലായതോടെ മുന്നിലെത്താനായി ഇരു ടീമുകളും പോരാടി. പക്ഷെ മുത്തൂറ്റിനായിരുന്നു വിജയഗോൾ. പകരകാരനായി ഇറങ്ങിയ മുന്നേറ്റ താരം കെ.ബി. അബിത്താണ് സ്‌കോർ ചെയ്തത് . ബോക്‌സിൽ നിന്നും മുത്തൂറ്റ് മധ്യനിര താരം എ.എം. അരുണിന്റെ കിക്ക് ബാറിൽ തട്ടി റീബൗൺ ചെയ്ത പന്തിന് അബിത്ത് കാൽ വെച്ചതോടെയായിരുന്നു ആഗോൾ.