ഐ.പി.എൽ വ്യാഴാഴ്ച പുനരാരംഭിച്ചേക്കും

Sunday 11 May 2025 11:36 PM IST

മുംബയ് : പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ഐ.പി.എൽ മത്സരങ്ങൾ വെടിനിറുത്തൽ പ്രഖ്യാപിച്ചതോടെ പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. വ്യാഴാഴ്ചയോടെ മത്സരങ്ങൾ വീണ്ടും തുടങ്ങാനാണ് ഇന്നലെ ചേർന്ന ബി.സി.സി.ഐ ഉന്നതതലയോഗം തീരുമാനിച്ചത്. ടീമുകളോട് തങ്ങളുടെ താരങ്ങളെ നാളയോടെ ബേസ് ക്യാമ്പുകളിൽ എത്തിച്ച് ടൂർണമെന്റ് തുടങ്ങാൻ സജ്ജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശത്തേക്ക് മടങ്ങിയ വിദേശ താരങ്ങളെ തിരിച്ചുവിളിക്കാനും നിർദ്ദേശമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരായിരുന്നു. തുടർന്നാണ് ഒരാഴ്ചത്തേക്ക് ടൂർണമെന്റ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇനി ധർമ്മശാല ഒഴികെയുള്ള മത്സരവേദികളിൽ കളി നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. പഞ്ചാബ് കിംഗ്സിന്റെ ധർമ്മശാലയിലെ മത്സരങ്ങൾക്ക് മറ്റൊരു പൊതുവേദി നൽകും. ഒരു ദിവസം രണ്ട് മത്സരം വച്ച് മേയ് 15 മുതൽ 19വരെയുള്ള തീയതികൾക്കുള്ളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തുകയെന്നതാണ് ബി.സി.സി.ഐക്ക് മുന്നിലുള്ള വെല്ലുവിളി. മുൻ ഷെഡ്യൂൾ അനുസരിച്ച് മേയ് 20,21,23 തീയതികളിലായി ക്വാളിഫയറുകളും എലിമിനേറ്ററും മേയ് 25ന് ഫൈനലുമാണ് നിശ്ചയിച്ചിരുന്നത്. ഇത് റീ ഷെഡ്യൂൾ ചെയ്യാനുള്ള തിരിക്കിട്ട ചർച്ചകളിലാണ് ബി.സി.സി.ഐ.

70 മത്സരങ്ങളാണ് ഐ.പി.എൽ പ്രാഥമിക റൗണ്ടിലുള്ളത്. ഇതിൽ 58-ാമത്തെ മത്സരമായിരുന്നു പഞ്ചാബും ഡൽഹിയും തമ്മിൽ ധർമ്മശാലയിൽ പാതിവഴിയിൽ നിറുത്തിയത്.

ഈ മത്സരം മറ്റൊരു വേദിയിൽ പുനരാരംഭിക്കുന്നതിനുള്ള സാദ്ധ്യതകൾ ബി.സി.സി.ഐ ആരായുന്നുണ്ട്. അങ്ങനെയെങ്കിൽ 13 മത്സരങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ പ്ളേ ഓഫ് റൗണ്ടിലെ നാലുമത്സരങ്ങളും.

പ്ളേ ഓഫ് മുൻനിശ്ചയിച്ച പ്രകാരം നടത്തണമെങ്കിൽ 15 മുതൽ 19 വരെയുള്ള തീയതികൾക്കുള്ളിൽ 13 മത്സരങ്ങൾ നടത്തേണ്ടതുണ്ട്. ഇത് പ്രയാസകരമാണ്. പ്ളേ ഓഫ് ഉൾപ്പടെ റീഷെഡ്യൂൾ ചെയ്യുകയാണ് ഇതിന് പരിഹാരം.

ജൂൺ ആദ്യവാരം ഇന്ത്യൻ ടീമിന് ഇംഗ്ളണ്ട് പര്യടനത്തിന് തിരിക്കേണ്ടതിനാൽ അതിന് മുമ്പ് ഫൈനൽ നടത്തുകയും വേണം.