"ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം'; മഞ്ഞപ്പടയുടെ പാട്ട് ഏ​റ്റെടുത്ത് സോഷ്യൽ മീഡിയ

Saturday 07 September 2019 11:30 PM IST

ഐ.എസ്.എല്ലിലെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പരിഹാരം ചെയ്യാനിറങ്ങുകയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്. ആറാം പതിപ്പിന് മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾക്കായി യു.എ.ഇയിലാണ് കേരള ബ്ലാസ്​റ്റേഴ്സ് ഇപ്പോൾ. പ്രീ സീസൺ ആണെങ്കിലും യു.എ.ഇയിലും കേരള ബ്ലാസ്​റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെത്തിയിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട ക്ലബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ ഫുജൈറ സ്​റ്റേഡിയത്തിൽ എത്തിയത്. മഞ്ഞ ടീഷർട്ട് അണിഞ്ഞ്, മഞ്ഞ ബാനറുകൾ ഉയർത്തി കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ തീർക്കുന്ന അതെ ആവേശം കേരള ബ്ലാസ്​റ്റേഴ്സ് ആരാധകർ ഇവിടെ തീർത്തത്.

മത്സരത്തിനിടെയാണ് കേരള ബ്ലാസ്​റ്റേഴ്സ് ആരാധകർ കൂട്ടമായി ഒരു പാട്ടു പാടിയത്. ' ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം…കേരളം,കേരളം, കേരളം മനോഹരം ' എന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് സോഷ്യൽ മീഡിയ ഏ​റ്റെടുത്തത്. പ്രീസീസണിലെ ആദ്യ മത്സരത്തിൽ അൽ ഡിബ്ബയെ കേരള ബ്ലാസ്​റ്റേഴ്സ് നേരിടാനിറങ്ങുന്നതിനിടയിലാണ് ആരാധകർ പാട്ടുപാടി താരങ്ങളായത്.

മത്സരത്തിൽ കേരള ബ്ലാസ്​റ്റേഴ്സ് സമനില വഴങ്ങി. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കാണികളുടെ ആവേശം വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകിയിരിക്കുന്നത്.


രണ്ടാം മത്സരത്തിൽ സെപ്തംബർ 12നാണ് ബ്ലാസ്​റ്റേഴ്സ് അജ്മാൻ സ്‌പോർട്സ് ക്ലബ്ബിനെ നേരിടും. വേദി അജ്മാനിലെ അജ്മാൻ സ്​റ്റേഡിയമായിരിക്കും. എമിറേ​റ്റ്സ് ക്ലബിനെതിരെയാണ് ബ്ലാസ്​റ്റേഴ്സിന്റെ മൂന്നാം മത്സരം. സെപ്തംബർ 20 ന് റാസ് അൽ ഖൈമയിലായിരിക്കും മത്സരം നടക്കുക. നാലാം അങ്കത്തിൽ അൽ നാസർ സ്‌പോർട്സ് ക്ലബ്ബിനെ ബ്ലാസ്‌​റ്റേഴ്സ് നേരിടും. ദുബായിയിൽ സെപ്തംബർ 27 നായിരിക്കും മത്സരം നടക്കുക.