ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ അന്തരിച്ചു
പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡന്റും കുറവർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ജി. കണ്ണൻ (42) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമുതൽ വിലാപയാത്രയായി അടൂരിലെത്തിക്കുന്ന മൃതദേഹം, ഗാന്ധി പാർക്ക് മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11ന് പത്തനംതിട്ട ഡി.സി.സി, ഉച്ചയ്ക്ക് ഒന്നു മുതൽ മഞ്ഞിനിക്കര വാലുതറയിലെ ഭാര്യാ വസതി, രണ്ടു മുതൽ 3.30വരെ മാത്തൂർ ഗവ. യു.പി സ്കൂൾ, 3.45മുതൽ മാത്തൂരിലെ എം.ജി.കണ്ണന്റെ വസതി എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഓമല്ലൂർ മാത്തൂർ മേലേടത്ത് എം.കെ.ഗോപി, ശാന്തമ്മ എന്നിവരാണ് മാതാപിതാക്കൾ. സജിതാമോളാണ് ഭാര്യ. വിദ്യാർത്ഥികളായ ശിവ കിരൺ, ശിവ ഹർഷൻ എന്നിവർ മക്കളാണ്.
2021ൽ അടൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2005ൽ 22-ാം വയസിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010ൽ ഇലന്തൂരിൽ നിന്നും 2015ൽ റാന്നി അങ്ങാടിയിൽ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായി. കുറച്ചുകാലം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റുമായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ അനുശോചിച്ചു.