ത്രീഡി പ്രിന്ററിൽ പ്രോട്ടോടൈപ്പുകൾ ഡിസൈൻ ചെയ്ത് ഭിന്നശേഷി വിദ്യാർത്ഥികൾ

Tuesday 13 May 2025 1:05 AM IST

മലപ്പുറം: ഫാത്തിമ നസ്രിനും അൻഷിദും എന്റെ കേരളം പ്രദർശന വിപണന മേളയിലെ താരങ്ങളാണ്. നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്‌കൂൾ ഫോർ ഹിയറിംഗ് ഇമ്പയേഡിലെ കേൾവി പരിമിതരായ ഫാത്തിമയും അൻഷിദും ത്രീഡി പ്രിന്ററിൽ വിവിധ മെറ്റീരിയലുകൾ നിർമ്മിച്ചാണ് മേളയിൽ ശ്രദ്ധേയരായത്. 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലായിരുന്നു കുട്ടികളുടെ സർഗ സൃഷ്ടി പ്രകടമായത്. ത്രീഡി പ്രിന്ററിൽ പി.എൽ.എ എന്ന മെറ്റീരിയൽ ഉപയോഗിച്ച് ഏതൊരു വസ്തുവിന്റെയും പ്രോട്ടോടൈപ്പ് ഭാഗങ്ങൾ ഡിസൈൻ ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഇതിനായി ടിംഗർ ഗാർഡ് എന്ന സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. വല്ലപ്പുഴ ബഡ്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഐ.ഐ.ടി മദ്രാസ്, ജെ.എസ്.എസ് മലപ്പുറം, ബ്രിഡ്ജ് വേ ഗ്രൂപ്പ്സ് എന്നിവരാണ് ട്രെയിനിംഗ് ക്ലാസുകൾ നൽകി വരുന്നത്. അദ്ധ്യാപകരായ നുസൈബ, ചെറിയാൻ എന്നിവരുടെ പിന്തുണയും വിദ്യാർത്ഥികൾക്കുണ്ട്.