വടകരയിൽ വാഹന അപകടം: നാല് മരണം

Monday 12 May 2025 12:07 AM IST
ഷിഖിൽ ലാൽ

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഇന്നലെ വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരണപ്പെട്ടത്.

കാർ ഓടിച്ചിരുന്ന അഴിയൂർ കോട്ടാമലക്കുന്നുമ്മൽ ഷിഖിൽ ലാൽ (45), ന്യൂമാഹി ഈച്ചി കണ്ണാട്ടിൽ മീത്തൽ റോജ (52 ), ഒളവിലം പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ ഷാരോൺ നിവാസിൽ രജനി എന്ന രഞ്ജിനി (50) എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ നാലു പേരുടേയും മരണം സംഭവിച്ചിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തേക്ക് എടുത്തത് .ഉടൻ തന്നെ മുഴുവനാളുകളെയും വടകര സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അഴിയൂരിൽ വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് സത്ക്കാരത്തിന് പോവുകയായിരുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിൽ പിൻസീറ്റിലുണ്ടായിരുന്ന അഴിയൂർ വട്ടപ്പറമ്പത്ത് ചന്ദ്രി, ചേന്ദമംഗലം സ്വദേശി സത്യൻ എന്നിവർക്ക് ഗുരുതരമായി പരിക്കു പറ്റി. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ട്രാവലറിൽ കർണാടക സ്വദേശികളായ 14 പേരാണ് സഞ്ചരിച്ചിരുന്നത്. ഇവരിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.