നിപ; 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Monday 12 May 2025 12:15 AM IST

മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 54 പേർ ഹൈറിസ്‌കിലും 58 പേർ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേർ ചികിത്സയിലുണ്ട്. രണ്ട് പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നിപ അവലോകന യോഗം ചേർന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 10 പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നു. ഫീവർ സർവൈലൻസിന്റെ ഭാഗമായി ഇന്ന് 2,087 വീടുകൾ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ഇതുവരെ ആകെ 3,868 വീടുകളാണ് സന്ദർശിച്ചത്. 87 ശതമാനം ഹൗസ് വിസിറ്റ് പൂർത്തിയാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷനിൽ മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ നിർദേശം നൽകി.