ഭിന്നശേഷിക്കാർക്കും കാൻസർ രോഗികൾക്കും വൈദ്യുതി നിരക്കിൽ ഇളവ് നേടാം
തൃശൂർ: ഭിന്നശേഷിക്കാരും കാൻസർ രോഗികളും താമസിക്കുന്ന വീടുകൾക്ക് വൈദ്യുതി താരിഫിൽ പ്രത്യേക ഇളവ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരം 2024 ഡിസംബർ അഞ്ച് മുതൽ 2027 മാർച്ച് 31 വരെയാണ് ഇളവ് നൽകുന്നത്.
പ്രതിമാസ ഉപയോഗത്തിലെ ആദ്യ 100 യൂണിറ്റ് വരെ 1.50 എന്ന കുറഞ്ഞ നിരക്ക് മാത്രം നൽകിയാൽ മതിയാകും. 40 ശതമാനമോ അതിലധികമോ സ്ഥിരമായ ഭിന്നശേഷിയുള്ളവരോ ക്യാൻസർ രോഗികളോ താമസിക്കുന്ന വീടുകൾക്കാകും ഇളവ് ലഭിക്കുക.
2000 വാട്ടോ അതിൽ താഴെയോ കണക്ടഡ് ലോഡുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളാകണമെന്നും നിബന്ധനയുണ്ട്.
ഫിൽഡ് ഇൻസ്‌പെക്ഷൻ നടത്തിയാകും ഇളവ് നൽകുക. ഉപയോക്താവിന്റെ കണക്ടഡ് ലോഡ് രണ്ട് കിലോവാട്ടിന് മുകളിലല്ലെന്ന് ഉറപ്പുവരുത്തിയശേഷം ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കുറഞ്ഞ നിരക്കാകും.
സമർപ്പിക്കേണ്ട രേഖകൾ
# അപേക്ഷയോടൊപ്പം താമസരേഖയായി റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
# കണക്ഷൻ സ്വന്തം പേരിലല്ലെങ്കിൽ രേഖ ആവശ്യമില്ല.
# ഭിന്നശേഷി അല്ലെങ്കിൽ കാൻസർ രോഗി ആണെന്ന മെഡിക്കൽ രേഖ
# ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്.
ബില്ലിംഗ് ഇങ്ങനെ
പ്രതിമാസം 135 യൂണിറ്റ് ഉപഭോഗമുണ്ടെങ്കിൽ ആദ്യ 100 യൂണിറ്റിന് സബ്‌സിഡി നിരക്കായ 1.5 രൂപ വീതം 150 രൂപയും ബാക്കി 35 യൂണിറ്റിന് 5.35 രൂപ വീതം 187.25 രൂപയും ഈടാക്കും. ആകെ ബിൽ രണ്ടും ചേർത്ത് 337.25 രൂപയാകും.