കരാറുകാർക്ക് നൽകാനുള്ളത് 100 കോടി, റേഷൻ കടകളിലേക്കുള്ള ധാന്യവിതരണം നിലച്ചു

Monday 12 May 2025 2:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളിലേക്കുള്ള ധാന്യവിതരണം നിലച്ചു. നാലു മാസമായി നോഡൽ ഏജൻസിയായ സപ്ലൈകോ ട്രാൻസ്‌പോർട്ടിംഗ് കരാറുകാർക്ക് തുക നൽകാത്തതിനെ തുടർന്ന് അവർ ധാന്യവിതരണം ശനിയാഴ്ചയോടെ അവസാനിപ്പിച്ചു. എഫ്.സി.ഐ യിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെ നിന്നും റേഷൻ കടകളിലേക്കും ധന്യം എത്തിക്കുന്നത് ട്രാൻസ്‌പോർട്ടിംഗ് കരാറുകാരാണ്. തെക്കൻ ജില്ലകളിൽ ഈ മാസത്തെ വിതരണത്തിന് സ്റ്റോക്കുണ്ടെങ്കിലും മറ്റ് പല ജില്ലകളിലും 15 ദിവസത്തേക്കുള്ള ധാന്യം മാത്രമാണ് സ്റ്റോക്കുള്ളത്. കരാറുകാർ നിസഹകരണം തുടരുകയാണെങ്കിൽ പൊതുവിതരണ രംഗം നിലയ്ക്കുന്ന അവസ്ഥയുണ്ടാകും.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മൂന്നു മാസത്തെ തുകയും കഴിഞ്ഞ ഏപ്രിൽ മുതലുള്ള 12 മാസത്തെ തുകയുടെ 10 ശതമാനവും ഉൾപ്പെടെ 100 കോടി രൂപയിലേറെയാണ് ലഭിക്കാനുള്ളതെന്ന് ട്രാൻസ്പോർട്ടിംഗ് കരാറുകാർ പറയുന്നു. മാസം തോറും നൽകാനുള്ള 10% തുക ഓ‌ഡിറ്റ് കഴിയുമ്പോൾ അനുവദിക്കാമെന്ന് പറഞ്ഞുവെങ്കിലും അതിതുവരെ ലഭിച്ചിട്ടില്ല. ഈ മാസം 10 വരെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുമെന്നും അതിനു മുമ്പ് കുടിശ്ശിക തുക അനുവദിക്കണമെന്നും കാണിച്ച് 8ന് കരാറുകാരുടെ സംഘടനയായ കേരള ട്രാൻസ്പോർട്ടിംഗ് കോർപ്പറേഷൻ അസോസിയേഷൻ സപ്ലൈകോ ചെയർമാന് കത്ത് നൽകിയിരുന്നു. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ശനിയാഴ്ച വൈകിട്ടോടെ വിതരണം അവസാനിപ്പിച്ചത്. മൂന്നു മാസത്തെ തുക കുടിശ്ശികയായപ്പോൾ ജനുവരിയിലും കരാറുകാർ വിതരണം അവാസനിപ്പിച്ച് സമരം നടത്തിയിരുന്നു.

''കരാറുകാർക്ക് നൽകാനായി സപ്ലൈകോയ്ക്ക് സർക്കാർ അനുവദിക്കുന്ന തുക സപ്ലൈകോ വകമാറ്റി ചെലവഴിക്കുന്നതാണ് ഇത്രത്തോളം കുടിശ്ശികയുണ്ടാകാൻ കാരണം""- ഗോപാലകൃഷ്ണൻ, ട്രഷറർ