വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ട കപ്പൽ ഉടൻ തീരം വിടും,​ യന്ത്രഭാഗങ്ങൾ എത്തിച്ചു

Monday 12 May 2025 4:38 AM IST

വിഴിഞ്ഞം: എൻജിൻ തകരാറുമൂലം പുറംകടലിൽ തുടരുന്ന കപ്പൽ നന്നാക്കാൻ യന്ത്രങ്ങളെത്തി. പണി പൂർത്തിയാകുന്ന മുറയ്ക്ക് കപ്പലിന് തീരം വിടാൻ മാരിടൈം ബോർഡ് അനുമതി നൽകി. ഇന്നലെ ഉച്ചയോടെയാണ് യന്ത്രഭാഗങ്ങൾ ക്രെയിനിന്റെ സഹായത്തോടെ കപ്പലിലേക്കെത്തിച്ചത്. ഇവഘടിപ്പിക്കുന്നതിന്ന് 6 മണികൂറോളം വേണ്ടിവരും. ഇതിനു ശേഷമാകും കപ്പൽ തീരം വിടുന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി പുറംകടലിൽ തുടരുന്ന എം.വി.സിറാ എന്ന കപ്പലിന്റെ എൻജിനിലെ കംപ്രസറാണ് ആദ്യം നന്നാക്കുന്നത്. ചെന്നൈയിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്ന ഒഴിഞ്ഞ ബൾക്ക് കാരിയർ കപ്പലാണ് യന്ത്രത്തകരാറിനെ തുടർന്ന് ബുധനാഴ്ച രാവിലെ പുറംകടലിൽ നങ്കൂരമിട്ടത്. കോസ്റ്റ്ഗാർഡ് സേന പരിശോധന നടത്തി എത്രയുംവേഗം തീരം വിടാൻ നിർദ്ദേശിച്ചിരുന്നു. ഈജിപ്ഷ്യൻ ക്യാപ്ടനും13 ഇന്ത്യക്കാരുമുൾപ്പെടെ 26 ക്രൂവാണ് കപ്പലിലുള്ളത്.വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 5 നോട്ടിക്കൽ മൈലിനപ്പുറമാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. മുൻകൂട്ടി വിവരം നൽകാതെ കപ്പൽ ഇവിടെ തുടർന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.