ജിയോയ്ക്ക് വൻതിരിച്ചടി; ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ, ചുളുവിലയ്ക്ക് കാര്യം നടക്കും
മുംബയ്: സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടൈലും പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സേവനങ്ങൾക്കായുളള താരിഫുകൾ അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്ത് ഉപയോക്താക്കൾക്ക് തുണയായി മാറിയത് ബിഎസ്എൻഎല്ലിന്റെ നിരവധി പ്ലാനുകളാണ്. ഉപയോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിലുളളതും ദീർഘകാല വാലിഡിറ്റിയുമുളള നിരവധി പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുളളത്. ഇന്ത്യയിൽ 5ജി സേവനങ്ങൾ ഏർപ്പെടുത്തുന്നതിനുളള തയ്യാറെടുപ്പിലാണ് ബിഎസ്എൻഎൽ.
ഇപ്പോഴിതാ സ്വകാര്യ കമ്പനികളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 180 ദിവസത്തെ വാലിഡിറ്റിയുളള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും റീചാർജ് ചെയ്ത് മടുത്തവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. 897 രൂപയുടെ പ്ലാനാണിത്. അതായത് ആറ് മാസത്തെ സർവീസ് വാലിഡിറ്റിയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്വർക്കുകളിലേക്കും ആറ് മാസത്തെ അൺലിമിറ്റഡ് കോളിംഗിനുളള സൗകര്യമുണ്ട്. അതായത് ഒരു തവണ റീചാർജ് ചെയ്താൽ ആറ് മാസത്തേക്ക് കോളിംഗ് സൗകര്യമുണ്ട്. പ്രതിദിന ഡാറ്റ പരിധിയില്ലാതെ തന്നെ 90 ജിബി ഡാറ്റ സംവിധാനമുണ്ട്. എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും.
അതേസമയം, ബിഎസ്എന്‍എല്ലിന് മികച്ച മറുപടിയായി മാറുകയാണ് ജിയോയുടെ 1,748 രൂപയുടെ പ്ലാൻ. അതായത് ഒരിക്കല്‍ റീചാര്‍ജ് ചെയ്താല്‍ 11 മാസത്തേയ്ക്ക് കാര്യങ്ങള്‍ നടക്കും. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ്, 3,600 സൗജന്യ എസ്എംഎസ് എന്നിവ കിട്ടും. ജിയോ ടിവിക്ക് പുറമേ 50 ജിബി എഐ ക്ലൗഡ് സ്റ്റോറേജും പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്.