കാസർകോട് ദേശീയപാത നിർമാണത്തിനിടെ കുന്ന് ഇടിഞ്ഞുവീണു; 18കാരന് ദാരുണാന്ത്യം

Monday 12 May 2025 5:18 PM IST

കാസർകോട്: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് മട്ടലായിയിലാണ് സംഭവം. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയുടെ ഭാഗമായ മട്ടലായി ഹനുമാരംമ്പലം ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുൻതാജ് മിർ ഉൾപ്പെടെ മൂന്നുപേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഇവരെ പുറത്തെടുത്തെങ്കിലും മുൻതാജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.