ചെട്ടിക്കാട് പള്ളി ഊട്ടു തിരുനാൾ
Monday 12 May 2025 5:44 PM IST
പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ഇന്ന് നടക്കും. രാവിലെ 6.15 മുതൽ രാത്രി 8.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും. രാവിലെ 10ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിലും ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് സ്വീകരിക്കും. 10.15ന് ബിഷപ്പ് ഊട്ടുസദ്യ ആശീർവദിക്കും. ഒരു ലക്ഷത്തിലേറെപ്പേർക്കുള്ള നേർച്ചസദ്യ തൃപ്പൂണിത്തറ ആനന്ദ പൈയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ആയിരത്തിലേറെ പേരെ ഒരേ സമയം ഉൾകൊള്ളാൻ കഴിയുന്ന ഊട്ടുപന്തൽ പള്ളിമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. പത്ത് കൗണ്ടറുകളിൽ നേർച്ചസദ്യ വിളമ്പും.