വിടവാങ്ങൽ മത്സരത്തിന് കാത്തുനിൽക്കാതെ

Monday 12 May 2025 10:51 PM IST

രോഹിതിനെപ്പോലെ വിരാടും വിടവാങ്ങൽ മത്സരം കളിക്കാൻ കാത്തുനിൽക്കാതെയാണ് ഉടനടി വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് വിരമിച്ചതോടെ ഇംഗ്ളണ്ട് പര്യടനം കഴിഞ്ഞേ വിരമിക്കാവൂ എന്ന് സെലക്ടർമാർ വിരാടിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ താരം ഇതിന് വഴങ്ങിയില്ല. ഇംഗ്ളണ്ടിൽ നായകസ്ഥാനം വിരാട് ആവശ്യപ്പെട്ടുവെന്നും എന്നാൽ യുവ നായകനെയാണ് തങ്ങൾ തേടുന്നതെന്ന് സെലക്ടർമാർ അറിയിച്ചെന്നും ഇതോടെയാണ് വിരാട് വിരമിക്കലിൽ ഉറച്ചുനിന്നതെന്നും പ്രചരിക്കുന്നുണ്ട്. 2022ലെ ട്വന്റി-20 ലോകകപ്പിന് ശേഷം സന്തോഷത്തോടെയല്ല വിരാട് എല്ലാ ഫോർമാറ്റിലെയും ക്യാപ്ടൻസി ഉപേക്ഷിച്ചത്. അതിനാൽതന്നെ ക്യാപ്ടനായി വിരമിക്കണമെന്ന് വിരാട് ആഗ്രഹിച്ചിരുന്നെന്നും സൂചനയുണ്ട്.

2022ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ജോഹന്നാസ് ബർഗ് ടെസ്റ്റിലാണ് വിരാടും രോഹിതും ഒരുമിച്ചില്ലാതെ ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇരുവരും പരിക്കുമൂലം വിട്ടുനിന്നപ്പോൾ കെ.എൽ രാഹുലാണ് ആ മത്സരത്തിൽ നയിച്ചത്. നായകനായുള്ള വിരാടിന്റെ അവസാന ടെസ്റ്റ് പരമ്പരയും ഇതായിരുന്നു.

എന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ ഒപ്പമുണ്ടായിരുന്ന വിരാടിനെ ഞാൻ ഓർമ്മിക്കുന്നു. എത്ര അവിശ്വസനീയമായ കരിയറാണ് വിരാട് നിന്റേത്. അത് വരും തലമുറകളെ ക്രിക്കറ്റ് ബാറ്റ് കയ്യിലേന്താൻ നിന്റെ പ്രചോദിപ്പിക്കും.

- സച്ചിൻ ടെൻഡുൽക്കർ

മറ്റുള്ളവർ എപ്പോഴും നിന്റെ റെക്കാഡുകളെക്കുറിച്ചും നാഴികക്കല്ലുകളെക്കുറിച്ചുമാണ് സംസാരിക്കുക. പക്ഷേ നീ ഒരിക്കലും പുറത്തുകാണിക്കാത്ത നിന്റെ കണ്ണുനീരും കഠിന പരിശ്രമമവും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അതിയായ സ്നേഹവുമാണ് ഞാൻ ഓർക്കുന്നത്. ഓരോ ടെസ്റ്റ് പരമ്പര കഴിയുമ്പോഴും നീ കൂടുതൽ അറിവും അലിവുമുള്ളവനായി മാറിയിരുന്നു.

- അനുഷ്ക ശർമ്മ ( വിരാടിന്റെ ഭാര്യ)

സിംഹത്തിന്റെ വീര്യമുള്ള മനുഷ്യനാണ് വിരാട്. ഇന്ത്യൻ ടീം തീർച്ചയായും നിന്നെ മിസ് ചെയ്യും.

- ഗൗതം ഗംഭീർ , ഇന്ത്യൻ കോച്ച്

നീ വിരമിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാലത്തെ ക്രിക്കറ്റിന്റെ ഇതിഹാസവും ടെസ്റ്റ് ക്രിക്കറ്റിന്റെ സ്ഥാനപതിയുമായിരുന്നു വിരാട്. നീ പകർന്ന നല്ല ഓർമ്മകൾക്കെല്ലാം നന്ദി.

- രവി ശാസ്ത്രി, മുൻ ഇന്ത്യൻ കോച്ച്