സ്വർണ വില മൂക്കുകുത്തി

Tuesday 13 May 2025 1:11 AM IST

പവൻ വില 2,360 രൂപ കുറഞ്ഞ് 70,000 രൂപയായി

കൊച്ചി: അമേരിക്കയും ചൈനയും ഇറക്കുമതി തീരുവ വർദ്ധന 90 ദിവസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ മൂക്കുകുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ മുടക്കിയ പണം നിക്ഷേപകർ വലിയ തോതിൽ പിൻവലിച്ചതാണ് വിലത്തകർച്ച രൂക്ഷമാക്കിയത്. സ്വർണ വില ഔൺസിന് 110 ഡോളർ കുറഞ്ഞ് 3,220 ഡോളറിലെത്തി. ഇതിന്റെ ചുവടു പിടിച്ച് കേരളത്തിൽ പവൻ വില രണ്ട് ഘട്ടങ്ങളായി 2,360 രൂപ കുറഞ്ഞ് 70,000 രൂപയിലെത്തി. ഗ്രാമിന്റെ വില 295 രൂപ കുറഞ്ഞ് 8750 രൂപയിലെത്തി. രാവിലെ പവൻ വിലയിൽ 1320 രൂപയും ഉച്ചയ്ക്ക് ശേഷം 1,040 രൂപയുമാണ് കുറവുണ്ടായത്.

അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ ചൈന 90 ദിവസത്തേക്ക് 125 ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായാണ് കുറച്ചത്. ചൈനയുടെ ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായും കുറച്ചതാണ് സ്വർണത്തിന് പ്രിയം ഇടിച്ചത്.