ഒന്നാംക്ലാസിൽ എൻട്രൻസ് പരീക്ഷ നടത്തിയാൽ അംഗീകാരം റദ്ദാക്കും : മന്ത്രി ശിവൻകുട്ടി

Tuesday 13 May 2025 4:48 AM IST

സ്കൂൾ സമയമാറ്റം ഈ വർഷമില്ള

ആലപ്പുഴ : ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്ന വിദ്യാലയങ്ങളു​​ടെ അംഗീകാരം റദ്ദാക്കുമെന്ന്​ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്​കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിന്​ മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ്​ വൺ അഡ്​മിഷനിൽ ഒരുക്രമക്കേടും അനുവദിക്കില്ല. ചില അൺ എയ്​ഡഡ്​ സ്ഥാപനങ്ങൾ മാനേജ്​മെന്റ് സീറ്റുകളുടെ പേരിൽ എസ്​.എസ്​.എൽ.സി ഫലം പുറത്തുവരുന്നതിന്​ മുമ്പേ അഡ്​മിഷൻ പൂർത്തിയാക്കിയിട്ടുണ്ട് പ്ലസ് ​വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ കിട്ടും. മലബാ‌ർ മേഖലയിലെ സീറ്റ് പ്രശ്നം ഇത്തവണയുണ്ടാകില്ല. പി.ടി.എ ഫണ്ടായി ചില സ്കൂളുകളിൽ 5,000 മുതൽ 10,000 രൂപവരെ വാങ്ങുന്നുണ്ട്​. രക്ഷാകർത്താക്കൾ ഒരുകാരണവശാലും പണം നൽകരുത്​. അതിന്റെ പേരിൽ ഒരുകുട്ടിയുടെയും അഡ്​മിഷൻ തടഞ്ഞു​വയ്ക്കില്ല.
സ്കൂൾ സമയമാറ്റം ഈ വർഷമുണ്ടാകില്ല. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ക്ലാസ്​ പ്രവർത്തനസമത്ത് അന്യർ സ്കൂളിൽ പ്രവേശിക്കരുത്​. ആവശ്യമെന്ന്​ കണ്ടാൽ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികളുടെ ബാഗ്​ പരിശോധിക്കാം.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്​ഘാടനം ജൂൺ രണ്ടിന്​ രാവിലെ 9.30ന്​​ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എല്ലാ സ്കൂളുകളിലും ഇതിന്റെ തത്സമയ പ്രക്ഷേപണമുണ്ടാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത്​ പ്രസിഡന്റ് കെ.ജി. രാജേശ്വരി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്​.ഷാനവാസ്​ എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.