ആശ്രാമം മൈതാനം നായ്ക്കളുടെ 'നഗരം"
വിഹരിക്കുന്നത്
100 ലേറെ
കൊല്ലം: ദിവസവും നിരവധി ആളുകൾ ഒത്തുകൂടുന്ന ആശ്രാമം മൈതാനം തെരുവ് നായ്ക്കൾ കീഴടക്കിയിട്ടും അധികൃതർ അനങ്ങുന്നില്ല. കുറഞ്ഞത് നൂറ് നായ്ക്കളെങ്കിലും മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി ഉണ്ടാകും. മൈതാനത്തിനകത്തും വശങ്ങളിലും വാഹനങ്ങളിലിരുന്ന് മദ്യപിക്കുന്നവർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പുറത്തുനിന്ന് കൊണ്ടുവന്ന് തള്ളുന്ന മാലിന്യവും തിന്നു കൊഴുത്താണ് ഇവ വിലസുന്നത്.
മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിരമായി ഡ്രൈവിംഗ് പരിശീലനവും പ്രദർശനങ്ങളും ഉണ്ടാകും. അതിനാൽ വശങ്ങളാണ് നായ്ക്കളുടെ പ്രധാന വിഹാര കേന്ദ്രം. ഈ ഭാഗങ്ങളിൽ പലേടവും കാടുമൂടി കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള നടപ്പാതയിലൂടെ പ്രഭാത, സായാഹ്ന നടത്തത്തിനും നിരവധി പേരാണ് എത്തുന്നത്. ഇവരെ നായ്ക്കകൾ പിന്തുടരും. ഓടിക്കാൻ ശ്രമിച്ചാൽ നായ്ക്കൾ കൂട്ടത്തോടെ കടിച്ചുകീറുന്ന അവസ്ഥ. കഴിഞ്ഞ ദിവസം റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മൈതാനത്ത് വച്ച് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. നായ്ക്കളിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ വീണു പരിക്കേറ്റവരും അനവധി. വശത്തെ റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളെ തെരുവ് നായ്ക്കൾ പിന്തുടരുന്നതും ഇവർ നിയന്ത്രണം നഷ്ടമായി വീഴുന്നതും നിത്യസംഭവമാണ്.
നായ്ക്കളെ ഭയന്ന് ആശ്രാമം മൈതാനത്തിന് ചുറ്റുമുള്ള പ്രഭാത നടത്തം ഒട്ടുമിക്ക പേരും ഉപേക്ഷിച്ചിരിക്കുകയാണ്. മൈതാനത്ത് പ്രദർശനങ്ങൾ കാണാനും ഡ്രൈവിംഗ് പരിശീലത്തിനും എത്തുന്നവരെയും നായ്ക്കകൾ ആക്രമിക്കാറുണ്ട്. ഇവയുടെ എണ്ണം പെരുകിയിട്ടും മൈതാനത്ത് ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസും കോർപ്പറേഷനും തയ്യാറാകുന്നില്ല.
നായ്ക്കളുടെ പ്രസവകേന്ദ്രം
തെരുവ് നായ്ക്കളുടെ പ്രസവകേന്ദ്രം കൂടിയാണ് ആശ്രാമം മൈതാനം. കോർപ്പറേഷന്റെ തെരുവ് നായ വന്ധ്യംകരണ പദ്ധതി തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് സമീപകാലത്തെങ്ങും നായ്ക്കളെ പിടികൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വന്ധ്യംകരിച്ചതിന്റെ അടയാളമായി കാതിൽ വെട്ടുള്ള നായ്ക്കളും മൈതാനത്ത് പ്രസവിച്ചിട്ടുള്ളതായി സമീപവാസികൾ ആരോപിക്കുന്നു.
വളർത്തുനായ്ക്കളെ തള്ളുന്നു വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്ന കേന്ദ്രമായും ആശ്രാമം മൈതാനം മാറുന്നു. തൊട്ടടുത്തുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളും ഭക്ഷണം സുലഭമായി കിട്ടുന്നതിനാൽ ഇവിടേക്ക് എത്തും.