പൊറോട്ട കൊടുത്തില്ല: കടയുടമയുടെ തല തകർത്ത രണ്ടു പ്രതികൾ ഒളിവിൽ

Tuesday 13 May 2025 12:16 AM IST

കൊല്ലം: പൊറോട്ട ചോദിച്ചിട്ട് കൊടുക്കാത്ത ദേഷ്യത്തിൽ കടയുടമയുടെ തല തല്ലിത്തകർത്ത രണ്ടു പ്രതികൾ ഒളിവിൽ. കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂർ മങ്ങാട് സംഘംമുക്കിലെ ടീസ്റ്റാളിലായിരുന്നു സംഭവം. കടയുടമയായ കണ്ടച്ചിറ ചേരിയിൽമുക്ക് കുന്നും പുറത്ത് വീട്ടിൽ അമൽ കുമാറിന്റെ തലയ്ക്കാണ് ആയുധം കൊണ്ടുള്ള അടിയേറ്റത്. കട അടയ്ക്കുന്ന സമയത്ത് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ചോദിച്ചു. ആഹാരം തീർന്നെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഇയാൾ മറ്റൊരു യുവാവുമായെത്തി വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു. നൽകാത്തതിനെ തുടർന്ന് കടയുടമയെ മർദ്ദിക്കുകയും തല അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഈ സമയം പൊലീസ് ജീപ്പ് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കിളികൊല്ലൂർ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഈ കടയിൽ വന്നുപോകാറുള്ളവരാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.