3 പൂക്കളുടെ പേര്? 'ലില്ലി, ലില്ലി, ലില്ലി..'

Tuesday 13 May 2025 1:31 AM IST

തിരുവനന്തപുരം: 'ലില്ലി, ലില്ലി, ലില്ലി...' വീട്ടുമുറ്റത്തെ മൂന്ന് പൂക്കളുടെ പേര് ചോദിച്ച എ.ഡി.ജി.പി ഡോ.ബി.സന്ധ്യയോട് പ്രതി കേഡൽ ജിൻസൻ രാജയുടെ ഉത്തരം. വീടുമായി എത്രമാത്രം ബന്ധമുണ്ടെന്ന് അറിയാനായിരുന്നു ചോദ്യം. നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ 117ാം നമ്പർ വീട്ടിൽ തെച്ചി, ചെമ്പരത്തി, റോസ അടക്കം നിരവധി ചെടികളുണ്ടായിരുന്നു.

അറസ്റ്റിനുശേഷം വിശദ ചോദ്യം ചെയ്യലിന് വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് വീട്ടുമുറ്റത്തെ അഞ്ച് പൂക്കളുടെ പേര് ചോദിച്ചത്. ഉത്തരം കിട്ടാതായതോടെ മൂന്ന് പൂക്കളുടെ പേര് പറയാൻ ആവശ്യപ്പെട്ടു. അല്പനേരത്തെ ആലോചനയ്ക്കുശേഷമാണ് മൂന്നുതവണ ലില്ലി ആവർത്തിച്ചത്.

കഴിക്കുന്ന ആഹാരത്തെക്കുറിച്ച് ചോദിച്ചപ്പോഴും അല്പനേരത്തെ ആലോചനയ്ക്കുശേഷം മറുപടി നൽകി. 'ചിക്കൻ ബർഗർ'. അച്ഛനും അമ്മയുമൊക്കെ കഞ്ഞിയും ദോശയുമൊക്കെ കഴിക്കുമ്പോൾ ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കേഡൽ ചിക്കൻ ബർഗർ കഴിച്ചിരുന്നത്. വീട്ടുകാരുമായി ഒരുമിച്ച് ആഹാരം കഴിക്കാറുമില്ല. വീട്ടുകാരുമായി സംസാരിച്ചിരുന്നത് ഫോൺ മെസേജിലൂടെ.