അമേരിക്കയും ചൈനയും ആ തീരുമാനമെടുത്തു; സ്വര്‍ണ വിലയില്‍ കുറവ് തുടങ്ങി
പവന്‍ വില 2,360 രൂപ കുറഞ്ഞ് 70,000 രൂപയായി
കൊച്ചി: അമേരിക്കയും ചൈനയും ഇറക്കുമതി തീരുവ വര്‍ദ്ധന 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ മൂക്കുകുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ മുടക്കിയ പണം നിക്ഷേപകര്‍ വലിയ തോതില്‍ പിന്‍വലിച്ചതാണ് വിലത്തകര്‍ച്ച രൂക്ഷമാക്കിയത്. സ്വര്‍ണ വില ഔണ്‍സിന് 110 ഡോളര്‍ കുറഞ്ഞ് 3,220 ഡോളറിലെത്തി. ഇതിന്റെ ചുവടു പിടിച്ച് കേരളത്തില്‍ പവന്‍ വില രണ്ട് ഘട്ടങ്ങളായി 2,360 രൂപ കുറഞ്ഞ് 70,000 രൂപയിലെത്തി.
ഗ്രാമിന്റെ വില 295 രൂപ കുറഞ്ഞ് 8750 രൂപയിലെത്തി. രാവിലെ പവന്‍ വിലയില്‍ 1320 രൂപയും ഉച്ചയ്ക്ക് ശേഷം 1,040 രൂപയുമാണ് കുറവുണ്ടായത്. അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന 90 ദിവസത്തേക്ക് 125 ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായാണ് കുറച്ചത്. ചൈനയുടെ ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും കുറച്ചതാണ് സ്വര്‍ണത്തിന് പ്രിയം ഇടിച്ചത്.
സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആളുകള്‍ അഡ്വാന്‍സ് ബുക്കിംഗ് വ്യാപകമായി നടത്തുന്നുണ്ടെന്നാണ് ജൂവലറി ഉടമകളും ജീവനക്കാരും പറയുന്നത്. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ വര്‍ദ്ധനവ് ഇനിയും രേഖപ്പെടുത്തുമെന്ന ആശങ്കയും പ്രീ ബുക്കിംഗ് കൂടുതലായി രേഖപ്പെടുത്തുന്നതിന് കാരണമായി. അതേസമയം ഈ വര്‍ഷം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവിന്റേതാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുമ്പ് പറഞ്ഞിരുന്നത്.