മഞ്ഞ കാര്‍ഡിന് ഒരു ലിറ്ററും ബാക്കിയുള്ളവര്‍ക്ക് പകുതിയും; ഈ ജില്ലയില്‍ മണ്ണെണ്ണ വിതരണം വൈകും

Tuesday 13 May 2025 12:54 AM IST

പത്തനംതിട്ട : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈമാസം മുതല്‍ മണ്ണെണ്ണ നല്‍കാനുള്ള തീരുമാനം ജില്ലയില്‍ നടപ്പാവില്ല. റേഷന്‍ കടകളിലേക്ക് മണ്ണെണ്ണ വിതരണം നടത്താന്‍ ആവശ്യമായ കേന്ദ്രങ്ങളില്ലാത്തതാണ് കാരണം. ജില്ലയില്‍ മണ്ണെണ്ണ വിതരണത്തിന് കോഴഞ്ചേരിയില്‍ മാത്രമാണ് നിലവില്‍ കേന്ദ്രമുള്ളത്. ജില്ലയിലെ 782 റേഷന്‍ കടകളിലേക്ക് ഇവിടെ നിന്ന് വേണം മണ്ണെണ്ണ എത്തിക്കാന്‍. റേഷന്‍ കടകള്‍ ഇതിനുള്ള ചെലവും വഹിക്കണം. അതുകൊണ്ട് തന്നെ ഗവി, റാന്നി, ചിറ്റാര്‍, സീതത്തോട്, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റേഷന്‍ വ്യാപാരികള്‍ കോഴഞ്ചേരിയിലെത്തി വേണം മണ്ണെണ്ണ ശേഖരിക്കാന്‍. ഇതിന് ചെലവേറുമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളിലൂടെ മണ്ണെണ്ണ വിതരണം നടത്താനായിരുന്നു അധികൃതരുടെ നിര്‍ദേശം. മൂന്ന് മാസത്തെ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നന്നത്.


ലൈസന്‍സുകള്‍ പുതുക്കിയില്ല

മുമ്പ് താലൂക്ക് അടിസ്ഥാനത്തില്‍ മണ്ണെണ്ണ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം നിലച്ചതോടെ ലൈസന്‍സുകള്‍ ആരും പുതുക്കിയില്ല. അതോടെ ലൈസന്‍സുകള്‍ റദ്ദായി.

മണ്ണെണ്ണ വിതരണത്തിന് കമ്മിഷന്‍ തുക കൂട്ടി നല്‍കാനായി റേഷന്‍കട ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലിറ്ററിന് 3.70 രൂപയില്‍ നിന്ന് 7 രൂപ ആക്കണമെന്നാണ് ആവശ്യം. വാതില്‍പ്പടി സേവനം നടപ്പാക്കണമെന്നു റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1. മഞ്ഞ കാര്‍ഡിന് ഒരു ലിറ്റര്‍ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക്

അര ലിറ്റര്‍ വീതവും നല്‍കാനാണ് തീരുമാനം.

2. താലൂക്ക് അടിസ്ഥാനത്തില്‍ മുമ്പുണ്ടായിരുന്ന വിതരണ ഡിപ്പോകള്‍ പൂട്ടിപ്പോയതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.

3. രണ്ടര വര്‍ഷത്തിനുശേഷമാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ തീരുമാനമുണ്ടാകുന്നത്.


ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 63 രൂപ


മണ്ണെണ്ണ വിതരണം ജില്ലയില്‍ ഈ മാസം തന്നെ ആരംഭിക്കും.

കെ.ആര്‍.ജയശ്രീ, ജില്ലാ സപ്ലൈ ഓഫീസര്‍