പ്രേതാലയമായി ബെയിൻസ് കോമ്പൗണ്ടിലെ വസതി

Tuesday 13 May 2025 2:31 AM IST

തിരുവനന്തപുരം: തുരുമ്പിച്ച ഗേറ്റ്. വീടിനുചുറ്റും ഒരാൾപൊക്കത്തിൽ കാട്. മൃതദേഹങ്ങൾ കത്തിച്ചപ്പോൾ ആളിക്കത്തിയ തീയിൽ കരിപിടിച്ച് വീടിന്റെ ചുമരുകൾ. തലസ്ഥാന നഗരത്തിൽ പ്രമുഖർ താമസിക്കുന്ന നന്തൻകോട് ക്ലിഫ് ഹൗസിന് സമീപത്തെ ബെയിൻസ് കോമ്പൗണ്ടിലെ 117ാം നമ്പർ വീട് ഇന്ന് പ്രേതാലയമാണ്. അച്ഛൻ, അമ്മ, സഹോദരി, ബന്ധു എന്നിവരെ കേഡൽ ജിൻസൻ രാജ വെട്ടിനുറുക്കി കത്തിച്ചത് ഈ വീട്ടിൽവച്ചാണ്. ഇന്നും പരിസരവാസികൾ പേടിയോടെയാണ് ഈ വീടിനെ നോക്കിക്കാണുന്നത്.

കോടികൾ വിലയുള്ള ഈ വീടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള സ്വത്തുക്കളും ഇന്ന് അനാഥമാണ്. വീടിന്റെ മുകൾനിലയിലെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ ഫയർഫോഴ്സിനെ വിവരമറിയിച്ചതോടെയാണ് അരുംകൊല പുറത്തറിഞ്ഞത്. മുകൾനിലയിലെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഫയർഫോഴ്സ് എത്തിയതോടെ വീട്ടിലുണ്ടായിരുന്ന കേഡൽ ജിൻസൻ രാജ വാതിൽ തുറന്ന് ഓടിരക്ഷപ്പെട്ടു.

മൃതദേഹങ്ങൾ കുളിമുറിയിലിട്ട് കത്തിക്കുന്നതിനിടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. രണ്ട് വെട്ടുകത്തി, ചോരപുരണ്ട മഴു എന്നിവയും വീട്ടിൽനിന്ന് കണ്ടെടുത്തു. ഓൺലൈനായാണ് മഴു വാങ്ങിയത്.

ഡമ്മിയിൽ വെട്ടി പരിശീലനം

കുടുംബാംഗങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാനായിരുന്നു കേഡൽ ജിൻസൻ രാജ ആദ്യം ശ്രമിച്ചത്. ഇതിനായി ബ്രെഡിൽ വിഷം കലർത്തി നൽകിയെങ്കിലും കുറച്ചുമാത്രം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അച്ഛൻ രാജ തങ്കവും അമ്മ ജീൻപദ്മയും ചികിത്സ തേടി. തുടർന്നാണ് എല്ലാവരെയും വെട്ടിക്കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. ഇതിനായി സ്വന്തമായി നിർമ്മിച്ച മനുഷ്യരൂപത്തിൽ മഴു ഉപയോഗിച്ച് വെട്ടി പരിശീലിച്ചെന്ന് പൊലീസ് കണ്ടെത്തി. പാതി കത്തിക്കരിഞ്ഞ നിലയിൽ ഇരുമ്പ്, തുണി, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ മനുഷ്യന്റെ ഡമ്മിയും കുളിമുറിയിൽ നിന്ന് കണ്ടെടുത്തു.

ആസ്ട്രൽ പ്രൊജക്ഷൻ

കഥ പൊളിഞ്ഞു

ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള 'ആസ്ട്രൽ പ്രൊജക്ഷന്റെ' ഭാഗമായിട്ടാണ് അരുംകൊല നടത്തിയതെന്നായിരുന്നു പ്രതി കേ‌ഡലിന്റെ ആദ്യ മൊഴി. എന്നാൽ, പിന്നീട് പ്രതി പറഞ്ഞ പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ടായി. ഇതോടെ ആസ്ട്രൽ പ്രൊജക്ഷൻ രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രമാണെന്ന് പൊലീസ് തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിച്ചു. കുടുംബത്തിൽ നേരിട്ട ഒറ്റപ്പെടലും അതിലൂടെയുണ്ടായ പകയുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നും പൊലീസിന് തെളിയിക്കാനായി. വീട്ടിൽ കൂടുതൽ പരിഗണന സഹോദരിക്ക് ലഭിക്കുന്നുവെന്ന ചിന്തയായിരുന്നു കുട്ടിക്കാലം മുതൽ പ്രതിക്കുണ്ടായിരുന്നത്.